അവിശ്വസനീയമായ വന്യജീവി സങ്കേതങ്ങൾ നിരവധിയുള്ള രാജ്യമാണ് ഇന്ത്യ. സാധാരണയായി കടുവ, പുള്ളിപ്പുലികൾ, ആനകൾ, കാണ്ടാമൃഗങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകാറുള്ളത്. എന്നാൽ, ഇന്ത്യയിൽ ചെന്നായകൾക്ക് മാത്രമായി ഒരു സങ്കേതമുണ്ട്. ജാർഖണ്ഡിലെ മഹുവദനർ ചെന്നായ സങ്കേതം ഇന്ത്യൻ ഗ്രേ വുൾഫുകൾക്ക് (കാനിസ് ലൂപ്പസ് പല്ലിപ്സ്) മാത്രമായുള്ള ഇന്ത്യയിലെ ഏക സംരക്ഷിത പ്രദേശമാണ്! ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയിലാണ് ഈ ചെന്നായ സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യൻ ഗ്രേ വുൾഫുകളാണ് പ്രധാനമായുമുള്ളത്.
ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ ഒഴുകുന്നതിനാൽ ഇവിടെ തിരക്ക് വളരെ കുറവാണ്. വ്യത്യസ്തമായ ഒരു വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മഹുവദനർ ചെന്നായ സങ്കേതം മികച്ച അനുഭവം സമ്മാനിക്കും. ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മഹുവദനർ ചെന്നായ സങ്കേതം 63.25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പരന്നുകിടക്കുന്നത്. പരുക്കനായ പുൽമേടുകൾ, വനങ്ങൾ, കുന്നുകൾ എന്നിവയ്ക്ക് നടുവിൽ നിശബ്ദമായാണ് ഈ ചെന്നായ സങ്കേതം പ്രവർത്തിക്കുന്നത്. പലമാവു കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ ചെന്നായ സങ്കേതം 1976ലാണ് സ്ഥാപിതമായത്. ഇത് എണ്ണം കുറഞ്ഞുവരുന്ന ഇന്ത്യൻ ഗ്രേ വുൾഫുകളുടെ വംശത്തെ സംരക്ഷിക്കുന്നതിനായാണ് സ്ഥാപിച്ചത്.
ഇന്ത്യയിലെ വരണ്ട പുൽമേടുകളിലും വനങ്ങളിലും ഇന്ത്യൻ ചെന്നായകൾ മികച്ച രീതിയിൽ അതിജീവിക്കും. 1960കളിൽ ആവാസവ്യവസ്ഥയുടെ നഷ്ടവും വ്യാപകമായ ഉന്മൂലനവും മൂലം ചെന്നായകളുടെ എണ്ണം അതിവേഗം കുറയുന്നത് തിരിച്ചറിഞ്ഞ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ എസ്.പി. ഷാഹിയുടെ ശ്രമഫലമായാണ് മഹുവദനർ ചെന്നായ സങ്കേതം ഇന്ന് നിലനിൽക്കുന്നത്. ഈ മേഖല വനവൽക്കരണത്തിന് അനുയോജ്യമായ തരിശുഭൂമികളായാണ് മിക്കവരും കണ്ടത്. എന്നാൽ, ചെന്നായകളുടെ ആവാസവ്യവസ്ഥയ്ക്ക് ഈ പ്രദേശം അനുയോജ്യമാണെന്ന് ഷാഹി മനസിലാക്കുകയായിരുന്നു.
ചെന്നായകൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതും വേട്ടയാടുന്നതും ആശയവിനിമയം നടത്തുന്നതും കാണുന്നത് തീർച്ചയായും വ്യത്യസ്തമായ ഒരു അനുഭവമാണ്. ചെന്നായകൾക്ക് പുറമെ പുള്ളിപ്പുലികൾ, കരടികൾ, കഴുതപ്പുലികൾ, കുറുക്കന്മാർ, നിരവധി ഇനം മാനുകൾ എന്നിവയുടെ ആവാസ കേന്ദ്രം കൂടിയാണ് മഹുവദനർ. മയിലുകൾ, കഴുകന്മാർ എന്നിവയെയും ഇവിടെ കാണാനാകും. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
STORY HIGHLIGHTS : mahuadanr-wolf-sanctuary-in-jharkhand-is-exclusively-for-the-indian-grey-wolf