India

ഭർത്താവിനെ ക്രൂരമായി തല്ലി ഭാര്യയും പെൺമക്കളും, പിന്നാലെ ആത്മഹത്യ ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് – madhya pradesh domestic violence

കുടുംബകലഹം ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്

മധ്യപ്രദേശിലെ മോറേന സ്വദേശിയായ ഹരീന്ദ്ര മൗര്യ എന്ന ഇലക്ട്രിഷ്യനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഹരീന്ദ്രയെ പെൺമക്കളും ഭാര്യയും ചേർന്നു വടികൊണ്ടു തല്ലുന്നതിന്റെയും പ്രതികരിക്കാനാകാതെ ദയനീയമായി അടിയേറ്റു കരയുന്നതിന്റെയും ദൃശ്യങ്ങളാണു പുറത്തായിരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹരീന്ദ്രയും ഭാര്യയും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് അയൽക്കാർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്. മാർച്ച് ഒന്നിന് ഇവരുടെ രണ്ടു പെൺമക്കളുടെ വിവാഹം നടത്തിയിരുന്നു. ഇതിനു പിന്നാലെ, വിവാഹമോചനം വേണമെന്നും സ്വന്തം വീട്ടിലേക്കു പോകണമെന്നും ഹരീന്ദ്രയുടെ ഭാര്യ ആവശ്യപ്പെട്ടു. ഇതിൽ ദുഃഖിതനായ ഹരീന്ദ്ര മുറിക്കുള്ളിൽ കയറി വാതിൽ അടച്ചുപൂട്ടിയെന്നും ഏറെസമയം കഴിഞ്ഞും ഇയാൾ പുറത്തിറങ്ങാതെ വന്നതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും കുടുംബം പറയുന്നു.

എന്നാൽ ഹരീന്ദ്രയുടെ മ‍ൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് കിട്ടുമ്പോൾ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാക്കും എന്നാണ് പോലീസ് നൽകുന്ന പ്രതികരണം. ഹരീന്ദ്രയെ കൊന്നത് അദ്ദേഹത്തിന്റെ പിതാവും സഹോദരനുമാണെന്നു ബന്ധുക്കൾ ആരോപിക്കുന്നത്. പുറത്തിറങ്ങിയ വീഡിയോയിൽ ഹരീന്ദ്രയുടെ ഒരു മകൾ അദ്ദേഹത്തിന്റെ കാലുകൾ പിടിച്ചുകൊടുക്കുന്നതും മറ്റൊരു മകൾ വടിവച്ച് തല്ലുന്നതും കാണാം. വേദനകൊണ്ട് അലറിവിളിക്കുന്ന ഹരീന്ദ്രയെയും വിഡിയോയിൽ വ്യക്തമായി കാണാം.

‘ആത്മഹത്യയെന്നാണ് നിലവിലെ വിവരം. കുടുംബകലഹം ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം എല്ലാവശങ്ങളും പരിശോധിച്ച് നടപടിയെടുക്കും. വിഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.’ പോലീസ് പറഞ്ഞു.

STORY HIGHLIGHT: madhya pradesh domestic violence