പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചി വിഘടനവാദികള്‍. 182 പേരെ ബന്ദികളാക്കി. അതേസമയം വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചലിന് പിന്നില്‍.
പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് വിഘടനവാദികള്‍ റാഞ്ചിയത്. ട്രെയിനില്‍ 400-ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് വിഘടനവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു.
പാകിസ്താന്‍ സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. വലിയൊരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് സൈന്യം. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ബിഎല്‍എയുടെ മജീദ് ബ്രിഗേഡും സ്‌പെഷ്യല്‍ ടാക്ടിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡും ഫത്തേ സ്‌ക്വാഡിന്റെ സ്‌പെഷ്യലൈസഡ് യൂണിറ്റുകളും ചേര്‍ന്നാണ് ട്രെയിന്‍ റാഞ്ചലിന് നേതൃത്വം നല്‍കിയതെന്ന് വിഘടനവാദികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
STORY HIGHLIGHT: balochistan train hijacking