പാലാ: പാലായിൽ നടന്ന യോഗത്തിൽ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി.ജോർജിനെതിരെ കേസ് എടുക്കുന്നതു സംബന്ധിച്ചു നിയമവശങ്ങൾ പരിശോധിക്കുമെന്നു പൊലീസ്. യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയുടെ പരാതിയിലാണു പൊലീസ് നീക്കം. പി.സി.ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന്റെ കയ്യിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതിയുടെ യോഗത്തിൽ പി.സി.ജോർജ് നടത്തിയ പ്രസംഗത്തിൽ മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.