Kerala

ലഹരിക്കേസിലെ വിദ്യാർഥികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിനു വിധേയമാക്കും; ലഹരിക്കു നല്ല മറുമരുന്ന് സ്പോർട്സെന്നും മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ മനഃശാസ്ത്രപരമായ വിലയിരുത്തലിനു വിധേയമാക്കുമെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിയമസഭയിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു രാജേഷ്. കേസിൽപെടുന്ന വിദ്യാർഥികളെ കുട്ടിക്കുറ്റവാളികളെന്നു മുദ്രകുത്തുന്നതു മനഃശാസ്ത്രപരമായി ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികളിൽ കുറ്റവാസന വർധിക്കുന്നു. വെബ് സീരീസ്, സിനിമ, സമൂഹമാധ്യമങ്ങൾ തുടങ്ങിയവ വിദ്യാർഥികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ ശാസ്ത്രീയസമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്യാംപസുകളിലെ അരാഷ്ട്രീയവും ആശയസംവാദങ്ങളിലെ ശൂന്യതയും ലഹരി ഉൾപ്പെടെയുള്ള അരാജക പ്രവർത്തനങ്ങളിലേക്കു വഴിതുറക്കുന്നുണ്ട്. ഭരണ–പ്രതിപക്ഷ എംഎൽഎമാരിൽ പലരും വിദ്യാർഥിസംഘടനകളിലൂടെ കടന്നുവന്നവരാണ്. അന്നും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിരുന്നെങ്കിലും അക്രമങ്ങളെ മഹത്വവൽക്കരിക്കുമായിരുന്നില്ല. നേതൃത്വമില്ലാത്ത ആൾക്കൂട്ടം ഒന്നാകെ അക്രമങ്ങൾക്ക് ഇറങ്ങുമ്പോൾ ആരെയും തിരുത്താനാകാതെ വരും. ലഹരിക്ക് ഏറ്റവും നല്ല മറുമരുന്ന് സ്പോർട്സ് ആണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘കായികമാണ് ബദൽ’ എന്ന പേരിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ലഹരിവിരുദ്ധ ബോധവൽക്കരണം മേയ് ഒന്നിന് ആരംഭിക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. മുഴുവൻ മണ്ഡലങ്ങളും താലൂക്കുകളും ക്യാംപെയ്നിൽ ഭാഗമാകും.