ന്യൂഡൽഹി: മൊറീഷ്യസിന്റെ പരമോന്നത അംഗീകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മോദിക്ക് അംഗീകാരം സമ്മാനിക്കുമെന്നു പ്രധാനമന്ത്രി നവീൻ റാംഗുലാമാണു പ്രഖ്യാപിച്ചത്. ബഹുമതി വലിയ അംഗീകാരമാണെന്നും ഇന്ത്യയും മൊറീഷ്യസും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി മൊറീഷ്യസിലെത്തിയ മോദി പ്രസിഡന്റ് ധരം ഗൊഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൊറീഷ്യസിലെ ഇന്ത്യൻ പ്രതിനിധികൾ ഉൾപ്പെടെ 3500 പേർ പങ്കെടുത്ത പൊതുചടങ്ങിലും അദ്ദേഹം പങ്കെടുത്തു. പ്രസിഡന്റ് ഗൊഖൂൽ, ഭാര്യ വൃന്ദ, പ്രധാനമന്ത്രി റാംഗുലാം, ഭാര്യ വീണ എന്നിവർക്ക് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുകളും മോദി സമ്മാനിച്ചു.