ഡൽഹി: ത്രിഭാഷ വിഷയം, വ്യാജ വോട്ടർ കാർഡ്, മണ്ഡല പുനർനിർണ്ണയം, മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ ഇന്നും പാർലമെൻറിൽ പ്രതിപക്ഷം ഉയർത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് എതിരായ പ്രതിഷേധം ഇന്നും ഇരു സഭകളിലും പ്രക്ഷുബ്ധമായേക്കും. കേരളത്തിലെ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങളും ചർച്ചയാവും.
ബജറ്റ് ചർച്ചകൾക്കിടയിലും വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ ശക്തമായ വിയോജിപ്പോടെയാണ് പ്രതിപക്ഷം ചർച്ചകളിൽ പങ്കെടുക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം, മണിപ്പൂർ സംഘർഷം, മണ്ഡല പുനർ നിർണയം തുടങ്ങിയ വിഷയങ്ങളിൽ ഇന്നലെയും പ്രതിഷേധം ഉയർന്നിരുന്നു. രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രാലയ ചർച്ച ഇന്ന് നടക്കും. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കമുള്ളവയിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെതിരെ ഇന്നലെയും വലിയ വിമർശനങ്ങൾ ഡിഎംകെ ഉയർത്തിയിരുന്നു.
അതേസമയം, ലോക്സഭയിൽ മണിപ്പൂർ ബജറ്റിൽ ചർച്ചകൾ തുടരും. രാജ്യത്തേക്ക് വരുകയും മടങ്ങുകയും ചെയ്യുന്ന വിദേശികൾക്കുള്ള നിയമങ്ങൾ കർശനമാക്കുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിന്മേൽ ഉള്ള വിശദമായ ചർച്ച ഇന്ന് നടക്കും. റെയിൽവേ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് രാജ്യസഭ ഇന്ന് ചർച്ച ചെയ്യും.