സൂര്യപ്രകാശം ജീവന്റെ അടിസ്ഥാന ഘടകമാണ്. ജീവോത്പത്തി മുതൽ കാർഷിക വികസനത്തിന്റെ അടിത്തറയും ആളുകളെ ആരോഗ്യത്തോടെ നിലനിർത്തുന്നത് വരെയുള്ള എല്ലാം സൂര്യപ്രകാശത്തെ ആശ്രയിച്ചിരിക്കുന്നു. നിത്യജീവിതത്തിൽ സൂര്യപ്രകാശമേൽക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിന് വിറ്റാമിന് ഡി നൽകുമെന്നത് നമുക്കെല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ ഇത് മാത്രമല്ല മറ്റു പല ഗുണങ്ങളും ഇതിലൂടെ നമുക്ക് ലഭിക്കും. രാവിലെയുള്ള സൂര്യപ്രകാശം തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറച്ച് ദിവസം മുഴുവൻ ഉർജ്ജത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ഇന്ന് പലരിലും കണ്ടുവരുന്ന വിഷാദരോഗമാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ (SAD), ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ലൈറ്റ് തെറാപ്പി (Light therapy- നേരിട്ടുള്ള സൂര്യപ്രകാശം ശരീരത്തിലെത്തിക്കുന്ന വഴി വിഷാദത്തെ തടയുന്നു).
അതിരാവിലെ വെളിച്ചം ലഭിക്കുന്നത് തലച്ചോറിലെ കോർട്ടിസോൾ ഹോർമോണുകൾ (ഉണരാൻ സഹായിക്കുന്ന ഹോർമോൺ) ഉണരാനുള്ള സമയമാണെന്ന് അറിയിക്കുന്നതിനും വൈകുന്നേരം മെലറ്റോണിൻ (ഉറക്ക ഹോർമോൺ) ഫലപ്രദമായി ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഇത് മികച്ച ഉറക്കം നൽകുന്നതിനും ഏറെ പ്രയോജനമാണ്. രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് കുട്ടികളിലും മുതിർന്നവരിലും മയോപിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. റെറ്റിനയുടെ വികാസത്തെ സഹായിക്കുകയും, സ്‌ക്രീൻ എക്‌സ്‌പോഷർ കൊണ്ടുണ്ടാകുന്ന കണ്ണിന്റെ സ്ട്രെസ് തടയുകയും ചെയ്യും.
സൂര്യപ്രകാശം രക്തക്കുഴലുകൾ വികസിക്കാൻ സഹായിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം വർധിപ്പിക്കുകയും ,ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശ്വേതരക്താണുക്കളുടെ ഉത്പാദം വർധിപ്പിച്ച് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
രോഗങ്ങളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന ഒരു പ്രതിരോധശേഷി ബൂസ്റ്റർ കൂടിയാണ് പ്രഭാതത്തിലെ സൂര്യപ്രകാശം ഇതിനോടൊപ്പം കരളിലെ വിഷാംശങ്ങൾ ഇല്ലാതാക്കി പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ,ശരീര ഭാരം നിയന്ത്രിക്കാനും ഇത് ഗുണകരമാണ്.