Tech

എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു

സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് ഇലോൺ മസ്കിന്റെ സ്പേസ് എക്സുമായി കരാ‍ർ ഒപ്പിട്ട് റിലയൻസ് ജിയോ. ഭാരതി എയർടെൽ സ്പേസ് എക്സുമായി കരാറുണ്ടാക്കി തൊട്ടടുത്ത ദിവസമാണ് ജിയോയും സ്റ്റാർലിങ്കുമായി സഹകരണം പ്രഖ്യാപിച്ചത്.

ഡാറ്റാ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ ലോകത്ത് ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാക്കളായ ജിയോയും ഏറ്റവും വലിയ സ്വകാര്യ ഉപ​ഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കും തമ്മിലുള്ള കരാർ ​ഇന്ത്യയിലെ ​ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ മികച്ച ബ്രോഡ് ബാൻഡ് സേവനം എത്തിക്കാൻ ഉപകരിക്കുമെന്ന് ജിയോ അവകാശപ്പെട്ടു.

ജിയോയുടെ റീറ്റെയിൽ സ്റ്റോറുകൾ വഴിയും ഓൺലൈൻ ഫ്ലാറ്റ്‌ഫോമുകളിലൂടെയും സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കും. നേരത്തെ ഉപ​ഗ്രഹ ഇന്റർനെറ്റ് സേവനത്തിനുള്ള സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് ജിയോയും സ്പേസ് എക്സും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

ജിയോ ലേലത്തെ പിന്തുണച്ചപ്പോൾ സ്പേസ് എക്സ് ഇതിന് എതിരായിരുന്നു. ഭരണപരമായ തീരുമാനത്തിലൂടെ സ്പെക്ട്രം അനുവദിക്കുന്നതിനാണ് അവർ വാദിച്ചത്. കേന്ദ്ര സ‍ർക്കാർ ഒടുവിൽ സ്പേസ് എക്സിന്റെ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു.

സ്പേസ് എക്സിന്റെ അപേക്ഷ നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്. സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുമതി ഉടൻ തന്നെ നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കമ്പനികൾ സ്പേസ് എക്സുമായി കൈകോർക്കുന്നത്.