കിയ കാരൻസിന്റെ പുതിയ മോഡൽ അടുത്ത മാസം ഇന്ത്യൻ വിപണിയിൽ എത്തും. ഈ എംപിവിയുടെ വൈദ്യുത മോഡൽ രണ്ടു മാസങ്ങള്‍ക്കു ശേഷം ജൂണിലും ഇന്ത്യയിലെത്തും. അകത്തും പുറത്തും മാറ്റങ്ങളുമായാണ് 2025 കാരന്‍സിന്റെ വരവ്. കരന്‍സ് ഇവിയിലാണെങ്കില്‍ രൂപകല്‍പനയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഇവിക്കു വേണ്ടിയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
കാരന്‍സിന്റെ ബോണറ്റ് അല്‍പം ഉയര്‍ത്തി മസ്‌കുലാര്‍ ലുക്ക് നല്‍കിയിട്ടുണ്ടെന്ന് പുറത്തുവന്ന വാഹനത്തിന്റെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഹെഡ്‌ലൈറ്റിലും ഡേടൈം റണ്ണിങ് ലാംപിലും ചെറിയ മാറ്റങ്ങളുണ്ടാവും. എല്‍ഇഡി ലൈറ്റ് ബാര്‍ കണക്ട് ചെയ്യുന്ന ടെയില്‍ ലൈറ്റുകളാവും വാഹനത്തിലുണ്ടാവുക. നിലവിലെ കരന്‍സിലുള്ള 16 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകളാണുണ്ടാവുക. 2025 കാരന്‍സിന്റെ പുറം ഭാഗത്തെ ദൃശ്യങ്ങള്‍ മാത്രമാണ് ഇതുവരെ സ്‌പൈ ഷോട്ടുകളിലൂടെ പുറത്തുവന്നിട്ടുള്ളത്.
ഡാഷ്‌ബോര്‍ഡിലും സ്വിച്ചുലം ടോഗിള്‍സിലും ബട്ടണുകളിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും ഉണ്ടാവും. ഇന്റീരിയറില്‍ ഇവിയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും ക്ലോസ്ഡ് ഓഫ് ഗ്രില്ലും എയറോ ഒപ്റ്റിമൈസ്ഡ് വീലുകളും ഉണ്ടാവാനിടയുണ്ട്. ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്കുമായി പവര്‍ട്രെയിനും ബാറ്ററിയും കിയ കരന്‍സ് പങ്കുവെക്കാനും സാധ്യതയുണ്ട്.
115എച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ പെട്രോള്‍, 160എച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ പെട്രോള്‍, 116എച്ച്പി കരുത്തിന്റെ 1.5 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് ആ എന്‍ജിന്‍ ഓപ്ഷനുകള്‍. 115 എച്ച്പി പെട്രോള്‍ മോഡലിൽ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ 6സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് പവര്‍ട്രെയിനും നല്‍കിയിരിക്കുന്നു.
കിയ കരന്‍സ് ഇവിയുടെ വില 18ലക്ഷം മുതല്‍ 25 ലക്ഷം രൂപയായിരിക്കും വിവിധ വകഭേദങ്ങള്‍ക്കെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ കിയ കാരന്‍സിന് 10.60 ലക്ഷം മുതല്‍ 19.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മുഖം മിനുക്കിയെത്തുമ്പോള്‍ വിലയിലും നേരിയ വര്‍ധന പ്രതീക്ഷിക്കാം.