Thiruvananthapuram

മുതലപ്പൊഴിയുടെ മരണ മുഖം മാറുമോ ?: അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യബന്ധന തുറമുഖം ഡ്രഡ്ജിംഗ് ഉടന്‍ ആരംഭിക്കും; നിയമസഭയില്‍ ഫിഷറീസ് മന്ത്രിയുടെ ഉറപ്പ്

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകട രഹിതമാക്കുന്നതിനുള്ള നടപടിയെന്നോണം വേഗത്തില്‍ ഡ്രോഡ്ജിംഗ് ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. വി. ശശി എം.എല്‍.എ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ശാശ്വതമായി അപകട രഹിതമാക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2022 ഒക്ടോബര്‍ 22ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് പൂനെ ആസ്ഥാനമായുളള സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ (CWPRS) -നെ ചുമതലപ്പെടുത്തിയിരുന്നു.

CWPRS സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുലിമുട്ടിന്റെ നീളം വര്‍ധിപ്പിക്കുന്നതിനും, മറ്റു അടിസ്ഥാന സൗകര്യ വികസനത്തിനും, കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചത് പ്രകാരമുളള Green and Blue port ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 177 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തതോടെ പ്രധാന മന്ത്രി മത്സ്യസമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനുളള അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പദ്ധതിക്ക് 2024 നവംബര്‍ ഒന്നിന് കേന്ദ്ര സര്‍ക്കാരിന്റെയും 2024 നവംബര്‍ 22ന് സംസ്ഥാന സര്‍ക്കാരിന്റെയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ടിന്റെ നീളം 420 മീറ്റര്‍ വര്‍ദ്ധിപ്പിക്കല്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍, ഡ്രെഡ്ജിംഗ്, പെരുമാതുറ ഭാഗത്തെ വാര്‍ഫ്, ഓക്ഷന്‍ ഹാള്‍ എന്നിവയുടെ നീളം കൂട്ടല്‍ കടമുറികള്‍, ലോഡിംഗ് ഏരിയ, പാര്‍ക്കിംഗ് ഏരിയ എന്നീ ഘടകങ്ങളും താഴമ്പള്ളി ഭാഗത്ത് ഓക്ഷന്‍ ഹാളിന്റെ നീളംകൂട്ടല്‍, ടോയിലെറ്റ് ബ്ലോക്ക് നിര്‍മ്മാണം, കടമുറികള്‍, വിശ്രമമുറികള്‍, ലോഡിംഗ് ഏരിയ, പാര്‍ക്കിംഗ് ഏരിയ, ആന്തിരക റോഡ് എന്നീഘടകങ്ങളും വൈദ്യുതീകരണ ജലവിതരണ സംവിധാനം, ഗ്രീന്‍ ആന്റ് ബ്ലൂ പോര്‍ട്ട് എന്നീ ഘടകങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പദ്ധതി പ്രകാരമുളള പ്രവൃത്തിയില്‍ ഉള്‍പ്പെട്ട താഴമ്പള്ളി ഭാഗത്തെ ടോയിലെറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിനുളള കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. പ്രധാന ഘടകമായ പുലിമുട്ടിന്റെ നീളം കൂട്ടല്‍, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നീ പ്രവൃത്തികളുടെ ദര്‍ഘാസ് ഇതിനകം ക്ഷണിച്ച് കഴിഞ്ഞു. ദര്‍ഘാസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കരാറിലേര്‍പ്പെട്ട് എത്രയും വേഗത്തില്‍ പ്രവൃത്തി ആരംഭിക്കുന്നതാണ്.

ചാനലിലെ ഡ്രഡ്ജിംഗ്

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനുളള കല്ലുകള്‍ ബാര്‍ജ്ജ് വഴി കടല്‍ മാര്‍ഗ്ഗം കൊണ്ടുപോകുന്നതിന് മുതലപ്പൊഴി ഹാര്‍ബറിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് 2018 ല്‍ ലോഡ് ഔട്ട് ഫെസിലിറ്റി നിര്‍മ്മിക്കുകയുണ്ടായി. 2018 മുതല്‍ 2024 വരെയുളള ധാരണപത്ര പ്രകാരം മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബറിലെ മൗത്തിലും ചാനലിലും 5 മീറ്ററും ഹാര്‍ബര്‍ ബേസിനില്‍ 3 മീറ്ററും ആഴം M/s. അദാനി വിഴിഞ്ഞം പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) ഉറപ്പാക്കേണ്ടതാണെന്ന് വ്യവസ്ഥയുണ്ടായിരുന്നു

 

  • വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുളള പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മുതലപ്പൊഴി വഴിയുളള കല്ല് നീക്കം അവസാനിച്ചിരുന്നു. തുടര്‍ന്ന്, കല്ലുകള്‍ കയറ്റുന്നതിന് ഉണ്ടാക്കിയ ലോഡ് ഔട്ട് ഫെസിലിറ്റി നിര്‍മ്മിക്കുന്നതിനായി മുറിച്ചുമാറ്റിയ പുലിമുട്ട് AVPPL മുഖേന പുന:സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ 5 മീറ്റര്‍ ആഴം പൂര്‍ണ്ണമായും ഉറപ്പാക്കാന്‍ AVPPL-ന് സാധിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി തലത്തിലും വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലും നിരന്തരം നടത്തിയ യോഗങ്ങളുടെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന ഡ്രഡ്ജിംഗ് നടത്തുന്നതിനും അതിന് ആവശ്യമായ തുക AVPPL ഡെപ്പോസിറ്റ് ചെയ്യുന്നതിനും ധാരണയായിരുന്നു.

തുടര്‍ന്ന് അഴിമുഖം ഡ്രഡ്ജ് ചെയ്യുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 205 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി AVPPL-ന് നല്‍കി. 2024 ഡിസംബര്‍ 18ന് ചേര്‍ന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ AVPPL-ല്‍ നിന്നും ഫണ്ട് ലഭിക്കും എന്ന അനുമാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ദര്‍ഘാസ് ക്ഷണിക്കുകയും M/s RTF Infrastructure Limited എന്ന സ്ഥാപനം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡെപ്പോസിറ്റ് പ്രവൃത്തി നടത്തുന്നതിനുളള തുക കണക്കാക്കി ഇന്‍വോയ്‌സ് 2025 ഫെബ്രുവരി 25ന് AVVPL-ന് നല്‍കിയിരുന്നു. മന്ത്രിമാരുടെ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരന്തരമായി നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഉടന്‍തന്നെ തുക അനുവദിക്കുന്നതാണെന്ന് AVPPL അറിയിച്ചിട്ടുണ്ട്. അതനുസരിച്ച് കരാറുകാരന് സെലക്ഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡെപ്പോസിറ്റ് തുക ലഭിച്ചാലുടന്‍ തന്നെ കരാറിലേര്‍പ്പെട്ട് ഡ്രഡ്ജിംഗ് ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

CONTENT HIGH LIGHTS; Will the death toll of the fisherfolk change?: Dredging of the fishing port will begin soon to avoid accidents; Fisheries Minister assures in the Assembly

Latest News