ചേർത്തല: പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വിൽപ്പനക്കെത്തിച്ച 30 പാക്കറ്റ് ഹാൻസ് ചേർത്തലയിൽ സ്വകാര്യ ബസിൽ നിന്ന് പിടികൂടി. സ്വകാര്യ ബസ് ഡ്രൈവർ എഴുപുന്ന അനിൽനിവാസിൽ അനിൽകുമാർ (33), കണ്ടക്ടർ പട്ടണക്കാട് കണ്ടത്തിൽ ഹൗസിൽ പ്രേംജിത്ത് (38) എന്നിവർ സംഭവത്തിൽ പിടിയിലായി.
ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പൊലീസുമായി ചേർന്ന് ഇന്ന് രാവിലെ ചേർത്തല സ്വകാര്യ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് ബസിനുള്ളിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. പരിശോധനയിൽ ബസിനുള്ളിൽ നിന്ന് വിദേശ മദ്യവും കണ്ടെത്തിയതായി യാത്രക്കാർ പരാതി ഉയർത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറിന്റെ ഭാര്യയായ എഴുപുന്ന സ്വദേശി പ്രജിതയുടെ പേരിലാണ് ബസുള്ളത്. അറസ്റ്റിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും വിമർശനമുയർന്നിട്ടുണ്ട്. ചേർത്തല–എറണാകുളം റൂട്ടിൽ ഓടുന്ന എൻഎം ബസിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പും അധികൃതരും പറഞ്ഞു.
content highlight : private-bus-employees-held-for-selling-drugs-to-school-students