Kozhikode

‘വിവാഹം മുടക്കാൻ അപവാദം പറഞ്ഞുപരത്തി’, മകന്റെ അടിയേറ്റ് താഴെ വീണ പിതാവ് മരിച്ചു

കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്

കോഴിക്കോട്: മകന്റെ മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടത്ത് താമസിക്കുന്ന ഗിരീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഗിരീഷ് താമസിക്കുന്ന കുണ്ടായിത്തോടുള്ള വീട്ടിലെത്തി മകന്‍ സനല്‍ മര്‍ദ്ദിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷ് മര്‍ദ്ദനമേറ്റ് കട്ടിലില്‍ നിന്നും താഴെ വീഴുകയും തലയ്ക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗിരീഷ് ഭാര്യയില്‍ നിന്നും മകനില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. താന്‍ ലഹരി ഉപയോഗിക്കുന്നുവെന്നും തന്റെ വിവാഹം സംബന്ധിച്ചും അച്ഛന്‍ അപവാദ പ്രചാരണം നടത്തിയതായി സനല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നല്ലളം പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഗിരീഷിന്റെ മരണം നടന്നത്.

content highlight :father-dies-after-being-beaten-up-by-his-son