തൃശൂര്‍: പുന്നയൂര്‍ക്കുളം മന്ദലാംകുന്ന് കിണര്‍ ബീച്ചില്‍ ചകിരി സംസ്‌കരണ ശാലയില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഗുരുവായൂരില്‍നിന്നും പൊന്നാനിയില്‍നിന്നും എത്തിയ നാല് യൂണിറ്റ് അഗ്‌നിശമന അംഗങ്ങളുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തേച്ചന്‍ പുരക്കല്‍ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ടി.എ.കെ. സണ്‍സ് അഗ്രോ ഇന്‍ഡസ്ട്രീസിലാണ് ഉച്ചയ്ക്ക് തീപിടിത്തം ഉണ്ടായത്.
സംഭവസമയം ജീവനക്കാര്‍ ഫാക്ടറിക്ക് സമീപത്തെ പറമ്പില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഫാക്ടറിക്ക് സമീപമുള്ള ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് അടുത്ത് നിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. നിമിഷം നേരം കൊണ്ട് തീ ഫാക്ടറിയാകെ പടര്‍ന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമന യൂണിറ്റും ചേര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.
വടക്കേക്കാട് അഡീഷണല്‍ എസ്.ഐ. യൂസഫും സംഘവും സ്ഥലത്ത് എത്തിയിരുന്നു. പൊന്നാനി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി. അബ്ദുല്‍ സലിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ.വി. അയൂബ് ഖാന്‍, ഗുരുവായൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജു, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിശമന ഉദ്യോഗസ്ഥരാണ് തീ അണയ്ക്കാന്‍ കഠിന പ്രയത്‌നം നടത്തിയത്. വാര്‍ഡ് മെമ്പര്‍ ആലത്തയില്‍ മൂസയുടെ നേതൃത്വത്തില്‍ നാട്ടുകാരും തീ അണയ്ക്കുന്നതിന് പങ്കാളികളായി.
വിവിധ സ്ഥലങ്ങളില്‍നിന്ന് ചകിരികള്‍ കൊണ്ടുവന്ന് ഉണക്കി സംസ്‌കരിച്ച് നാരുകളാക്കി ക്ലീന്‍ ചെയ്ത ഫൈബറുകള്‍ കയറ്റി അയക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. 60 ടണ്ണോളം ക്ലീന്‍ ചെയ്ത ഫൈബറുകള്‍ കത്തിനശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടം വന്നതായി ഉടമ നൗഷാദ് പറഞ്ഞു. ഫാക്ടറി ജീവനക്കാരനായ ബംഗാള്‍ സ്വദേശി ആലംഗീറി (42) ന് തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
content highlight : fire-in-coir-fibers-production-unit