Automobile

ടെസ്‌ല മോ‍ഡൽ എസ് സ്വന്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Tesla Model S

ഏകദേശം 80000 ഡോളർ വിലമതിക്കുന്ന കാർ ഡിസ്കൗണ്ട് ഒന്നും കൂടാതെയാണ് വാങ്ങിയത്

പുതുപുത്തൻ ടെസ്‌ല കാർ സ്വന്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്പനി സിഇഒ ഇലോൺ മസ്കിനൊപ്പം എത്തിയാണ് ചുവന്ന നിറത്തിലുള്ള മോഡൽ എസ് ട്രംപ് സ്വന്തമാക്കിയത്. ട്രംപിന്റെ രാഷ്ട്രീയ അജണ്ടകളുമായി മുന്നോട്ടു പോകുന്ന ടെസ‌്‌ല സിഇഒ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനി തിരിച്ചടി നേടുന്ന സാഹചര്യത്തിൽ കമ്പനിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ നീക്കം.

വാവ് മനോഹരം എന്നു പറഞ്ഞാണ് പ്രസിഡന്റ് കാറിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറുന്നത്. എന്നാൽ ഡ്രൈവ് ചെയ്യാൻ അനുവാദമില്ലാത്തതിനാൽ ട്രംപ് ടെസ്റ്റ് ഡ്രൈവ് ചെയ്തില്ല. പകരം തന്റെ സ്റ്റാഫിന് ഓടിക്കാൻ കഴിയുന്ന തരത്തിൽ കാർ വൈറ്റ് ഹൗസിൽ ഇടാമെന്ന് ട്രംപ് പറഞ്ഞു. ഏകദേശം 80000 ഡോളർ വിലമതിക്കുന്ന കാർ ഡിസ്കൗണ്ട് ഒന്നും കൂടാതെയാണ് വാങ്ങിയത്. മസ്ക് തനിക്ക് കിഴിവ് നൽകുമെന്നും എന്നാൽ അങ്ങനെ നൽകിയാൽ തനിക്ക് ആനുകൂല്യം ലഭിച്ചെന്ന് മറ്റുള്ളവർ പറയുമെന്നും ട്രംപ് പറഞ്ഞു. രാജ്യസ്നേഹികളോടെല്ലാം ടെ‌സ്‌ല കാർ വാങ്ങാൻ ട്രംപ് ആഹ്വാനം ചെയ്യുന്നുമുണ്ട്.  വൈറ്റ് ഹൗസിൽ നിരത്തിയിട്ട നാലു കാറുകളിൽ നിന്നാണ് ട്രംപ് കാർ തിരഞ്ഞെടുത്തത്. മോഡൽ എസ് കാറിന് 1.99 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗം കൈവരിക്കാനാകും, കൂടാതെ 563 കിലോമീറ്റർ റേഞ്ചുമുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ഇലോൺ മസ്ക് നേത‍ൃത്വം നൽകുന്ന ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിൽ (ഡോജ്) മസ്‌കിന്റെ നടപടികൾ മൂലം വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ ടെസ്‌ല ഓഹരികൾ വലിയ ഇടിവ് നേരിടാൻ തുടങ്ങി. പ്രസിഡന്റിന് വേണ്ടി സർക്കാർ ചെലവുകൾ വെട്ടിക്കുറക്കാനുള്ള ശതകോടീശ്വരനായ മസ്കിന്റെ ശ്രമങ്ങളെ എതിർത്ത് യുഎസിലുടനീളമുള്ള ടെസ്‌ല സ്റ്റോറുകൾക്ക് പുറത്ത് അടുത്തിടെ ആന്റി-ഡോജ് പ്രതിഷേധക്കാർ ഒത്തുകൂടി. മസ്ക് പോകണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനെല്ലാം ഇടയിലാണ് പുതിയ കാർ വാങ്ങൽ.

ടെസ്‌ല മോ‍ഡൽ എസ്

ടെസ്‍ലയുടെ രണ്ടാമത്തെ മോഡലാണ് എസ്‍. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ലിഫ്റ്റ്ബാക്കാണ് മോഡൽ എസ്‍. ബാറ്ററിയും മോട്ടറുമൊക്കെ പിന്നിലായതിനാൽ മുന്നിൽ സാധാരണ കാറുകളുടെ എൻജിനിരിക്കുന്ന സ്ഥലത്താണു ലഗേജ് ഇടം. മീറ്ററുകൾക്കു പകരം ഒരു 12.3 ഇഞ്ച് എൽസിഡി സ്ക്രീൻ, ഡാഷിനു നടുവിൽ കൺസോളിൽ ഒരു 17 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ എന്നിവയുമായിട്ടാണ് മോഡൽ എസ്‍ എത്തിയത്. ഉയരം ക്രമീകരിക്കാവുന്നതാണു നാലു വീലിനുമുള്ള സ്വതന്ത്ര സസ്പെൻഷൻ. മുൻപിൽ ആക്സിലുകൾക്കിടയിലുള്ള ഭാഗം പൂർണമായും ബാറ്ററി പായ്ക്ക്. ബാറ്ററി ഫ്ലോറിൽ ഉറപ്പിച്ചതുകൊണ്ട് സുരക്ഷ കൂടുതലുണ്ട്.

പരിധിയില്ലാത്ത ദൂരം അഥവാ എട്ടുവർഷം വരെ വാറന്റിയാണ് മോഡൽ എസിന് നൽകിയിരുന്നത്. ഒറ്റച്ചാർജിൽ 335 കിലോമീറ്റർ മുതൽ 652 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള മോഡലുകളുണ്ട്. ബ്രേക്ക് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് ചെയ്യുന്ന സംവിധാനവും ഉപയോഗിക്കാതിരിക്കുമ്പോൾ ചാർജ് നഷ്ടപ്പെടാതെ സഹായിക്കുന്ന സ്ലീപ്പ് മോഡ് സംവിധാനവും ബാറ്ററിയുടെ ക്ഷമത ഉയർത്തുന്നു. സുഖസൗകര്യവും ആഡംബരവും ക്ഷമതയും ഒത്തിണങ്ങിയ ടെസ്‌ല മോഡൽ എസ് യൂറോപ്പിൽ മികച്ച വിപണിവിജയം നേടിയ കാറാണ്. ഔഡി എ 8, ബിഎംഡബ്ള്യു 7 സീരീസ്, ജാഗ്വാർ എക്സ്ജെ എന്നിവയെയെല്ലാം വിൽപനയിൽ പിന്തള്ളിയ മോഡൽ എസിനേക്കാൾ വിറ്റഴിഞ്ഞ ഒരു കാർ മെഴ്സിഡീസ് എസ് ക്ലാസ് മാത്രമായിരുന്നു.