Health

മുട്ടയേക്കാൾ പ്രോട്ടീനുള്ള ഭക്ഷണങ്ങളറിയാമോ?

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമായ കാര്യമാണ്.

നാം എപ്പോഴും പ്രോട്ടീനിന്‍റെ കലവറയായി കാണുന്ന ഒരു ഭഷ്യ വസ്തുവാണ് മുട്ട. ‌ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. എന്നാൽ മുട്ടയേക്കാൾ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന പച്ചക്കറികളും നമുക്ക് ചുറ്റുമുണ്ട്. അത്തരം ചില ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടാം.

ചീര
പ്രോട്ടീന്റെ കാര്യത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമാണെങ്കിൽ ഇത് 2.9 ഗ്രാം ആവും. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്.

മുരിങ്ങ
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ് മുരിങ്ങയും മുരിങ്ങയിലയും. 100 ഗ്രാം മുരിങ്ങയിലയില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഏറ്റവും നല്ല സസ്യപ്രോട്ടീനുകളില്‍ ഒന്നാണിത്. മുരിങ്ങക്കായിലും പ്രോട്ടീനുണ്ട്. ഇതിന് പുറമേ കാല്‍സ്യം, അയൺ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതിലുണ്ട്. ഇത് പ്രതിരോധശേഷിക്കും ദഹനത്തിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

കൂണ്‍
കൂണിനെ സസ്യാഹാരത്തിലെ മാംസം എന്ന് വേണമെങ്കില്‍ പറയാം. വൈറ്റ് ബട്ടന്‍ മഷ്‌റൂമില്‍ കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. വേവിക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഒരു കപ്പ് വേവിച്ച കൂണില്‍ 5-7 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ബ്രൊക്കോളി
ബ്രൊക്കോളി പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ഇത് ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്. ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍പീസ്
പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷ്യ വസ്തുവാണ് ഗ്രീന്‍പീസ്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനുണ്ട്, മുട്ടയിലുള്ളതിനേക്കാള്‍ കൂടുതല്‍. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്. കൂടാതെ ഇതില്‍ ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.