ചിപ്പ് രംഗത്ത് സ്വയം പര്യപ്തത കൈവരിക്കാനൊരുങ്ങി മെറ്റ. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ പരിശീലനത്തിനായി സ്വന്തം ചിപ്പിന്‍റെ പരീക്ഷണം തുടങ്ങിയതായാണ് വിവരം. മെറ്റയുടെ പരീക്ഷണം വിജയിച്ചാല്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എൻവിഡിയക്ക് അത് തിരിച്ചടിയാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ ആദ്യ ഇന്‍-ഹൗസ് ചിപ്പ് തയ്യാറാക്കുകയാണ് മെറ്റ. എൻവിഡിയ പോലുള്ള കമ്പനികളില്‍ നിന്നാണ് ലോകത്തെ പ്രധാന ടെക് കമ്പനികളെല്ലാം എഐ വികസനത്തിനായി ചിപ്പുകള്‍ വാങ്ങുന്നത്.
ഈ ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ സ്വന്തം ചിപ്പിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഇന്‍-ഹൗസ് ചിപ്പുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ മെറ്റ വികസിപ്പിക്കും. എഐ രംഗത്ത് ശതകോടികള്‍ നിക്ഷേപിക്കുന്ന മെറ്റയ്ക്ക് നിലവില്‍ വലിയ തുകയാണ് എന്‍വിഡിയ ചിപ്പുകള്‍ക്കായി മുടക്കേണ്ടിവരുന്നത്.
എഐ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്യുന്ന ചിപ്പുകളാണ് മെറ്റ തയ്യാറാക്കുന്നത്. എഐ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ജിപിയുകളേക്കാള്‍ ഊര്‍ജ-ലാഭം ഈ ചിപ്പിനുണ്ടാകും എന്നാണ് നിഗമനം.
ചിപ്പ് നിര്‍മ്മാണത്തിന് തായ്‌വാന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ടിഎസ്എംസിയുടെ സഹായവും മെറ്റയ്ക്ക് ലഭിക്കും. 2026-ഓടെ സ്വന്തം ചിപ്പുകളില്‍ എഐ ട്രെയിനിംഗ് നടത്താനാണ് മെറ്റയുടെ ശ്രമം. അതേസമയം പുതിയ ചിപ്പ് നിര്‍മ്മാണത്തെ കുറിച്ച് ഔദ്യോഗികമായി മെറ്റയോ ടിഎസ്എംസിയോ പ്രതികരിച്ചിട്ടില്ല.