ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു ചിക്കൻ കറി വെച്ചാലോ? എരിവ് ഇഷ്ടമുള്ളവർക്ക് കഴിക്കാൻ ഇഷ്ടമാകുന്ന ചിക്കൻ മുളകിട്ടത് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ
- എണ്ണ
- സവാള – 3എണ്ണം
- പെരുംജീരകം 1 ടീസ്പൂൺ
- ഇഞ്ചി -1 കഷ്ണം
- കാശ്മീരി മുളകുപൊടി – 2 സ്പൂൺ
- കുരുമുളക്- 2 സ്പൂൺ
- വെളുത്തുള്ളി -6അല്ലി
- മഞ്ഞൾപ്പൊടി – അര ടി സ്പൂൺ
- മുളകുപൊടി 1 ടീസ്പൂൺ
- മല്ലിപൊടി – 1 സ്പൂൺ
- തക്കാളി – 2 എണ്ണം
- ഗരംമസാല – 1 സ്പൂൺ
- കറി വേപ്പില- 2 തണ്ട്
- മല്ലിയില- 2 തണ്ട്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുഴുവൻ കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ജീരകം കൂട്ടി അരച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇടുക. ശേഷം കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ജീരകം കൂട്ടി അരച്ച മസാല ചേർത്ത് വഴറ്റുക, സവാള ചേർത്ത് നന്നായി വഴറ്റുക, ഉപ്പിടുക. ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് അടച്ചുവയ്ക്കുക.
ശേഷം പൊടികൾ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക, ശേഷം ചിക്കൻ ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്തു 5 മിനിറ്റ് വേവിച്ച് ആവശ്യത്തിന് വെള്ളമൊഴിച്ചു അടച്ചു വച്ച് വീണ്ടും വേവിക്കുക. വെന്ത ശേഷം 1 സ്പൂൺ പച്ച വെളിച്ചെണ്ണയും, മല്ലിയിലയും ഇട്ട് ഒരു 5 മിനിറ്റ് അടച്ചു വക്കുക. നല്ല രുചികരമായ ചിക്കൻ മുളകിട്ടത് ചൂടോടെ വിളമ്പാം.