തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർ എസ് എസ് നടപടിയിൽ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ. നെയ്യാറ്റിൻകരയിൽ അതിക്രമത്തിന് മുതിർന്ന ക്രിമിനൽ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണം. വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും വേട്ടയാടുന്നത് ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനാണ്.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്നിട്ടും പകതീരാത്ത ആർ എസ് എസ് ഗാന്ധിയുടെ ചെറുമകനെയും വേട്ടയാടുകയാണ്. ഇത് കണ്ടിരിക്കാനാവില്ല. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിൻ്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കൂടിയാണ് തുഷാർ ഗാന്ധി കേരളത്തിലെത്തിയത്. എല്ലാ സംവാദങ്ങളെയും അവസാനിപ്പിക്കാനും ഏകാധിപത്യം നടപ്പിലാക്കാനുമാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജുഖാൻ, പ്രസിഡൻ്റ് വി അനൂപ് എന്നിവർ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആർ എസ് എസ് നേതാവും നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലറുമായ മഹേഷിൻ്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ഉത്തരേന്ത്യയിൽ ആർ എസ് എസ് നടപ്പിലാക്കുന്ന രീതികൾ ഇവിടെ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
രാജ്യത്തിൻ്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്നും സംഘപരിവാറാണ് ക്യാൻസർ പർത്തുന്നതെന്നുമുള്ള തുഷാർ ഗാന്ധിയുടെ പ്രതികരണമാണ് ആർ എസ് എസിനെ പ്രകോപിപ്പിച്ചത്. തുഷാർ ഗാന്ധി ഈ പ്രസംഗം പിൻവലിച്ച് മാപ്പുപറയണമെന്നാണ് ആർ എസ് എസ് ഭീഷണി. അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാഛാദന ചടങ്ങിനെത്തിയപ്പോഴായിരുന്നു അതിക്രമം.