കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവ് പിടിയിൽ. തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്‍റെ പിടിയിലായത്.
2.654 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ മഞ്ചേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇർഫാൻ (26) എന്നയാളെ അറസ്റ്റ് ചെയ്തു.
മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പെരുമ്പാവൂരിൽ ഒമ്പത് ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെരിഫുൾ ഇസ്ലാം (27) ആണ് അറസ്റ്റിലായത്.