തിരുവനന്തപുരം: കെപിസിസി വേദി പങ്കിട്ടതിന് ജി സുധാകരനെതിരെ സൈബർ പോരാളികളുടെ രൂക്ഷ വിമർശനം. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബർ പേജുകളിലാണ് വിമർശനം. സഹോദരനെ കൊലപ്പെടുത്തിയ പാർട്ടിക്കൊപ്പമാണ് കൂട്ട് കൂടുന്നത്. സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സിൽ അകാല ചരമം പ്രാപിക്കും. പാർട്ടി വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമഞ്ഞു. ജി.സുധാകരനോട് പരമ പുച്ഛം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റിൽ പറയുന്നത്.
ആ ചുടു രക്തം സുധാകരൻ മറന്നു. സുധാകരനെ എംഎൽഎയും മന്ത്രിയും ആക്കിയത് പാർട്ടി തുടങ്ങി ജി സുധാകരനെതിരെ അതിരൂക്ഷ വിമർശനമുള്ള പോസ്റ്റാണ് ഫേസ്ബുക്കിൽ വ്യാപകമായി പോരാളികൾ പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്രീനാരായണഗുരു- മഹാത്മാ ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറിലാണ് സുധാകരൻ പങ്കെടുത്തത്.
ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരനെന്നും അത്തരമൊരു വ്യക്തി ശമ്പളത്തിനും പദവിക്കും വേണ്ടി ജോലിയെടുക്കുന്ന ആളാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡർ ആയാൽ വിശ്വപൗരൻ എന്നാണ് പറയുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
ഗാന്ധിജി വിശ്വപൗരനാണ്. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു. അതേസമയം, പാർട്ടിയെപ്പറ്റി താൻ ഒരിക്കലും ആക്ഷേപം പറയില്ലെന്നും പറയുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സിപിഐ നേതാവ് സി. ദിവാകരനും പരിപാടിയിൽ പങ്കെടുത്തു.