മതനിരപേക്ഷതയെക്കുറിച്ച് നെയ്യാറ്റിന്‍കരയില്‍ പ്രസംഗിച്ച മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ കടന്നാക്രമിച്ച ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും നടപടി, ബിജെപി ഫാസിസ്റ്റ് സംഘടനയാണോയെന്ന് രാപകല്‍ ചര്‍ച്ച ചെയ്യുന്ന സിപിമ്മിന്റെ കണ്ണുതുറപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇതു നവ ഫാസിസമാണോ പഴയ ഫാസിസമാണോയെന്ന് സിപിഎം മറുപടി പറയണം. അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങളുടെ നേരേയാണ് ബിജെപി കൈഉയര്‍ത്തിയത്. ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്ന ഇത്തരം കിരാത നടപടികള്‍ കേരളത്തിലേക്കും വ്യാപിച്ചു എന്നതിന്റെ വ്യക്തമായ സൂചനകളാണിത്.
ആര്‍എസ്എസ് വിഷമാണെന്നും ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നുമാണ് തുഷാര്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. അതു പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. അഭിപ്രായം പറയുന്നവരെ കയ്യേറ്റം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നില്ല. പൗരന്റെ സ്വാതന്ത്ര്യവും അവകാശവും കവര്‍ന്നെടുക്കുന്നതാണ് ഏറ്റവും വലിയ ഫാസിസം. അത്തരം ഫാസിസ്റ്റ് നടപടികള്‍ക്കേതിരേ നിയമാനുസൃത നടപടി ഉണ്ടാകണം. എന്നാല്‍ ഗാന്ധിജിയുടെ പ്രപൗത്രനെതിരേ കയ്യേറ്റം നടന്നിട്ടും പിണറായി സര്‍ക്കാരിന് അനക്കമില്ല. ഡല്‍ഹി ധാരണകള്‍ക്ക് വിരുദ്ധമാകും ഇത്തരം നടപടികളെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചതുകൊണ്ട് തീരുന്ന പ്രശ്‌നമല്ലിത്. ശക്തമായ നടപടികളും ഉണ്ടാകണം. തുഷാര്‍ ഗാന്ധിയെ ആക്രമിച്ച സംഭവത്തെ ഫാസിസം എന്നുപോലും വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറല്ല.
ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും കേരള ഗവര്‍ണറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞടുപ്പിലും ബിജെപിയുടെ സഹായം തേടിയുള്ള കൂടിക്കാഴ്ചയായി കാണുന്നവരുണ്ട്. അനൗദ്യോഗിക ചര്‍ച്ചയായി ഇതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ബിജെപിയുമായി തെരഞ്ഞെടുപ്പ് പാലം പണിയുക എന്നതാണ് ഇതിന്റെയെല്ലാം മറുപുറം. അതിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാനാണ് ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രഫ കെവി തോമസിനെ ഡല്‍ഹിയില്‍ വച്ചിരിക്കുന്നത്. ഇത്തരം ചര്‍ച്ചകളൊക്കെ ഫാസിസ്റ്റ് ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.