ബീഹാര്‍ എക്‌സ്പ്രസില്‍ ടയര്‍ 2 എസി കംമ്പാര്‍ട്ട്‌മെന്റില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരന്‍. സൗത്ത് ബീഹാര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന പ്രശാന്ത് കുമാറാണ് ഭീതി നിറഞ്ഞ യാത്രയെക്കുറിച്ച് പ്രതികരിച്ചത്. സെക്കന്‍ഡ് ടയര്‍ എസി കോച്ചില്‍ സുഖകരമായ യാത്രയ്ക്ക് 3,000 ല്‍ കൂടുതല്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ യാത്രയ്ക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലെ ചിലര്‍ തന്റെ സീറ്റില്‍ കയറിയെന്ന് അദ്ദേഹം വിവരിച്ചു. ഒരു കൂട്ടം എലികള്‍ മുഴുവന്‍ കോച്ചിനു ചുറ്റും ഓടുന്നു, അദ്ദേഹത്തിന്റെ കിടക്കയിലേക്ക് പോലും അതിക്രമിച്ചു കയറി. ഉടന്‍ തന്നെ 139 എന്ന റെയില്‍വേ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചെങ്കിലും, ജീവനക്കാര്‍ കീടനാശിനി തളിച്ചു, പക്ഷേ യഥാര്‍ത്ഥ കീടങ്ങളെ തടയാന്‍ ഒന്നും ചെയ്തില്ല, കൂടാതെ എലികളുടെ വൃത്തിക്കെട്ട മണം യാത്രയില്‍ ഉടനീളം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു.
റെയില്‍വേ മന്ത്രാലയത്തെയും, മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്ത് ട്വിറ്ററില്‍ കുമാര്‍ എഴുതി. ‘ട്രെയിന്‍ 13288, കോച്ച് എ1 ല്‍ ഒന്നിലധികം എലികള്‍, സീറ്റുകള്‍ക്കും ലഗേജുകള്‍ക്കും മുകളിലൂടെ എലികള്‍ കയറുന്നു. ഇതിനാണോ ഞാന്‍ എസി 2 ക്ലാസിന് ഇത്രയും പണം നല്‍കിയത്? എലി ബാധിച്ച ഈ ട്രെയിനിന് 3,000 രൂപയില്‍ കൂടുതല്‍ നല്‍കിയ ഇന്ത്യന്‍ റെയില്‍വേയുടെ അവസ്ഥ എന്താണ് ?’ അദ്ദേഹം തുടര്‍ച്ചയായ പോസ്റ്റുകളില്‍ എഴുതി. അതുമാത്രമല്ല നിരവധി വീഡിയോകളാണ് പോസ്റ്റില്‍ അദ്ദേഹം റീട്വീറ്റ് ആയി നല്‍കിയത്.
പോസ്റ്റ് ഇവിടെ കാണുക:
ഇന്ത്യന്‍ റെയില്‍വേ ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, നിരവധി ഉപയോക്താക്കള്‍ പരിഹാസത്തോടെയും നര്‍മ്മം കലര്‍ന്ന രീതിയിലും പ്രതികരിച്ചു. ‘ടിക്കറ്റില്ലാതെ ഇവര്‍ക്കെങ്ങനെ കറങ്ങാന്‍ കഴിയും. അടുത്ത ബജറ്റില്‍ എലികള്‍ക്ക് ടിക്കറ്റുകള്‍ അവതരിപ്പിക്കണം,’ അവരില്‍ ഒരാള്‍ പറഞ്ഞു. മറ്റൊരാള്‍ തമാശ പറഞ്ഞു: ‘നിങ്ങളുടെ ടിക്കറ്റ് ആര്‍എസി ആയിരിക്കാം, നോക്കൂ. നിങ്ങള്‍ രണ്ടുപേരും സീറ്റ് പങ്കിടേണ്ടിവരും,’ മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു: ‘2AC, 3AC എന്നിവയില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.’യാത്രക്കാര്‍ മാലിന്യം ശരിയായി സംസ്‌കരിക്കാത്തതാണ് എലികളെ ആകര്‍ഷിക്കുന്നതെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തി. ‘കോച്ചുകളില്‍ എലികള്‍ പെരുകുന്നതിന് റെയില്‍വേ മാത്രമല്ല ഉത്തരവാദി. യാത്രക്കാര്‍ക്ക് പൗരബോധം ഇല്ല, കാരണം അവര്‍ ഭക്ഷണം വിതറുന്നു, ചായക്കപ്പുകളും ഭക്ഷണ പ്ലേറ്റുകളും സീറ്റുകള്‍ക്കടിയില്‍ വച്ചിട്ട് ചവറ്റുകുട്ടകളില്‍ ഇടാന്‍ മെനക്കെടുന്നില്ല. യാത്രയ്ക്കിടെ റെയില്‍വേ മാലിന്യക്കൂമ്പാരങ്ങള്‍ വൃത്തിയാക്കാറില്ല,’ അവരില്‍ ഒരാള്‍ പറഞ്ഞു.