Sports

കെസിഎ പ്രസിഡന്റ്‌സ് ട്രോഫി: അനായാസ വിജയവുമായി റോയല്‍സും ലയണ്‍സും

ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടന്ന കെസിഎ പ്രസിഡന്റ്‌സ് ട്രോഫിയില്‍ വിജയവഴികളിലേക്ക് മടങ്ങിയെത്തി റോയല്‍സും ലയണ്‍സും. റോയല്‍സ് ഈഗിള്‍സിനെ ഒന്‍പത് വിക്കറ്റിനും ലയണ്‍സ് പാന്തേഴ്‌സിനെ ആറ് വിക്കറ്റിനുമാണ് തോല്പിച്ചത്. റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ലയണ്‍സ് രണ്ടാം സ്ഥാനത്തുമാണ്.

ലയണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഓപ്പണര്‍ വത്സല്‍ ഗോവിന്ദിന്റെയും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതിന്റെയും ഇന്നിങ്‌സുകളാണ് പാന്തേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വത്സല്‍ ഗോവിന്ദ് 57 പന്തുകളില്‍ 73 റണ്‍സും അബ്ദുള്‍ ബാസിത് 13 പന്തുകളില്‍ 30 റണ്‍സും നേടി.ലയണ്‍സിന് വേണ്ടി ഹരികൃഷ്ണന്‍ മൂന്നും ഷറഫുദ്ദീന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയണ്‍സിന് ആല്‍ഫി ഫ്രാന്‍സിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുതല്‍ക്കൂട്ടായത്. 22 പന്തുകളില്‍ നാല് ഫോറും ആറ് സിക്‌സും അടക്കം 59 റണ്‍സാണ് ആല്‍ഫി നേടിയത്. ഗോവിന്ദ് പൈ 49 റണ്‍സുമായി പുറത്താകാതെ നിന്നു. 25 റണ്‍സെടുത്ത അഭിഷേക് നായരും 20 റണ്‍സെടുത്ത അശ്വിന്‍ ആനന്ദും ലയണ്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങി. നാലോവര്‍ ബാക്കി നില്‌ക്കെ ലയണ്‍സ് ലക്ഷ്യത്തിലെത്തി.

രണ്ടാം മത്സരത്തില്‍ ജോബിന്‍ ജോബിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് റോയല്‍സിന് അനായാസ വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഈഗിള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അനന്തകൃഷ്ണനും ഭരത് സൂര്യയ്ക്കുമൊപ്പം ചേര്‍ന്ന് വിഷ്ണുരാജ് മികച്ച തുടക്കം നല്കിയെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് മുന്‍തൂക്കം നിലനിര്‍ത്താനാവാതെ പോയത് ഈഗിള്‍സിന് തിരിച്ചടിയായി. വിഷ്ണുരാജ് 36 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. അനന്തകൃഷ്ണന്‍ 31ഉം ഭരത് സൂര്യ 34ഉം റണ്‍സ് നേടി. റോയല്‍സിന് വേണ്ടി ഫാസില്‍ ഫാനൂസും ജോബിന്‍ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ രോഹിത് കെ ആര്‍ പുറത്തായെങ്കിലും വിപുല്‍ ശക്തി – ജോബിന്‍ ജോബി കൂട്ടുകെട്ട് വീണ്ടുമൊരിക്കല്‍ക്കൂടി റോയല്‍സിന് കരുത്തായി. ഇരുവരും ചേര്‍ന്നുള്ള 176 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് 15.4 ഓവറില്‍ റോയല്‍സിനെ വിജയത്തിലെത്തിച്ചു. ജോബിന്‍ 52 പന്തുകളില്‍ നിന്ന് ആറ് ഫോറും 11 സിക്‌സുമടക്കം 107 റണ്‍സുമായി പുറത്താതെ നിന്നു. വിപുല്‍ ശക്തി പുറത്താകാതെ 58 റണ്‍സ് നേടി.