ഹൊററിനൊപ്പം സൂപ്പര്‍ നാച്ചുറല്‍ ഘടകങ്ങളും ചേര്‍ന്നുവരുന്ന ത്രില്ലര്‍ ചിത്രമാണ് സജീദ് എ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന വടക്കന്‍. ചിത്രത്തിലെ ഗാനം എത്തി. ലോക പ്രശസ്ത ഗായികയും ബോളിവുഡില്‍ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായികയുമായ സെബ് ബംഗാഷ് ആദ്യമായി മലയാള സിനിമയില്‍ ആലപിച്ച ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.
മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ വടക്കന്‍ സിനിമയിലെ ‘രംഗ് ലിഖ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആസ്വാദക ശ്രദ്ധ നേടിയിരിക്കുന്നത്. ഫിന്‍ലന്‍ഡില്‍ മഞ്ഞു പെയ്യുന്ന സമയത്ത് ചിത്രീകരിച്ച മനോഹരമായ ഈ പ്രണയ ഗാനം പ്രേക്ഷക മനം കവരുന്നതാണ്. തെന്നിന്ത്യൻ താരങ്ങളായ കിഷോർ, ശ്രുതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
ഇതിനകം വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അടുത്തിടെ തിയറ്ററുകളിൽ എത്തി ഏറെ ശ്രദ്ധ നേടുകയും ചെയ്ത ചിത്രം കൂടെയാണ് വടക്കന്‍. അതിനാടകീയമായ സംഭവവികാസങ്ങളാണ് ‘വടക്കൻ’ ചർച്ച ചെയ്യുന്നത്. മലയാളത്തിലെ ആദ്യ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന ടാഗ് ലൈൻ തന്നെയാണ് പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകർഷിപ്പിച്ചതും.
ആഗോളതലത്തിൽ ശ്രദ്ധേയയായ ഗായിക സെബ് ബംഗാഷ് മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനമാണ് ‘വടക്കനി’ൽ ഒരുക്കിയിരിക്കുന്നത്.
STORY HIGHLIGHT: vadakkan movie rang likha video song out