Alappuzha

ഗതാഗതം തടസപ്പെടുത്തി പരസ്യമായി മദ്യപിച്ച് ഗുണ്ടയുടെ പിറന്നാൾ ആഘോഷം, ഇടപെട്ട് പൊലീസ്; ഗുണ്ടകള്‍ അറസ്റ്റില്‍

കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിൽ വെച്ച് ഗുണ്ടകള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.

കായംകുളം: കുപ്രസിദ്ധ ഗുണ്ട ഫൈസൽ (31) സംഘടിപ്പിച്ച പിറന്നാളാഘോഷം പൊളിച്ച് കായംകുളം പൊലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിൽ വെച്ച് ഗുണ്ടകള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഫൈസലിനെ കൂടാതെ കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടയുമായ കായംകുളം മത്സ്യമാർക്കറ്റിന് സമീപം താമസിക്കുന്ന അജ്മൽ (27), കാപ്പാ നിയമപ്രകാരം നടപടി നേരിട്ടു കൊണ്ടിരിക്കുന്ന ഗുണ്ട പത്തിയൂർ സ്വദേശി ആഷിക്ക് (24), ആഷിക്കിന്‍റെ സഹോദരൻ ആദിൽ (22), കൃഷ്ണപുരം സ്വദേശി മുനീർ (25), മുനീറിന്‍റെ സഹോദരൻ മുജീബ് (23), ഗോപൻ (37),  ഉണ്ണിരാജ് (30), ആദിൽ (23), പ്രവീൺ (29), അനന്തകൃഷ്ണൻ (30) എന്നിവരാണ് പൊലീസ് പിടിയിലായത്.

സംഘം ചേർന്ന് ഗതാഗതം തടസ്സപ്പെടുത്തി പരസ്യമായി മദ്യപിച്ചാണ് ഇവര്‍ പിറന്നാൾ ആഘോഷിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരിൽ സഹോദരൻമാരായ ആദിലും ആഷിക്കും കൊലപാതക ശ്രമം, പോക്സോ, നാഷണൽ ഹൈവേയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. മുനീറും, പ്രവീണും മയക്കുമരുന്ന് കേസുകളിൽ പ്രതിയുമാണ്.

content highlight :birthday-celebration-of-crimainal-police-took-action