വൃത്തിയായി വെട്ടിയെടുത്ത മീൻ, നന്നായി കഴുകിയതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്കു മീനുകൾ മുങ്ങി കിടക്കത്തക്ക വിധം വെള്ളമൊഴിച്ചു കൊടുക്കാം. ഇനി കുറച്ച് ഉപ്പ് എടുക്കുക. അതുകൂടി ഈ പാത്രത്തിലേക്ക് ഇട്ടു നന്നായി അലിയുന്നതു വരെ മീനുകളുടെ എല്ലാ ഭാഗത്തും ആ ഉപ്പുവെള്ളം എത്തുന്നത് പോലെ തിരിച്ചും മറിച്ചുമിടാം. ഇനി പതിനഞ്ചു മിനിട്ടു നേരം ഈ പാത്രം മാറ്റിവയ്ക്കാം. ശേഷം മീനുകൾ വെള്ളത്തിൽ നിന്നുമെടുത്തു നന്നായി കഴുകിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉപ്പിനു പകരമായി വിനാഗിരി ഉപയോഗിച്ചും ചെയ്യാവുന്നതാണ്. മീനുകളിൽ പറ്റിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിതെന്നാണ് alshihacks സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.
നിരവധിപേർ മീനിലെ അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഈ വിദ്യ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഉപ്പു തേച്ച് നന്നായി ഉരച്ചു കഴുകിയാൽ മീനിനു നല്ല തിളക്കം ലഭിക്കുമെന്നും ശേഷം കുറച്ചു വിനാഗിരി വെള്ളത്തിലൊഴിച്ചു കഴുകിയെടുത്താൽ മീൻ നല്ലതു പോലെ വൃത്തിയായി കിട്ടുമെന്നും കുറിച്ചിട്ടുണ്ട്. എന്നാൽ വിനാഗിരി ഉപയോഗിക്കേണ്ടെന്നും കല്ലുപ്പും മഞ്ഞൾ പൊടിയുമാണ് ഉത്തമമെന്നുമാണ് മറ്റൊരു അഭിപ്രായം. നാരങ്ങാനീരും ഉപ്പും ഉപയോഗിച്ചും മീൻ വൃത്തിയാക്കിയെടുക്കാമെന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.
content highlight: easy-method-to-clean-fish