കോഴിക്കോട്: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം കെ.നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്ന് വിജിലൻസ് സ്പെഷൽ സെൽ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം ലഭിക്കാനായി അപേക്ഷ നൽകിയ ടി.വി.പ്രശാന്തും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളുണ്ട്. എന്നാൽ ‘നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിനകത്തു വച്ചു കൈക്കൂലി കൊടുത്തു’ എന്ന പ്രശാന്തിന്റെ വാദം സ്ഥിരീകരിക്കാൻ തെളിവില്ലെന്നാണ് റിപ്പോർട്ട്. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ വിജിലൻസ് ഡയറക്ടറേറ്റിനു റിപ്പോർട്ട് സമർപ്പിച്ചു. നവീൻ നവീൻ ബാബുവിന്റെ മരണത്തിന് നാലര മാസത്തിനു ശേഷമാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഇരുവരും സംസാരിച്ചതിന്റെ കോൾ ഡീറ്റെയിൽസ്, ഒരുമിച്ചു കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ എന്നിവ ഉണ്ടെന്നും ഒരേ സ്ഥലത്ത് ഇരുവരുടെയും ടവർ ലൊക്കേഷൻ അടക്കം സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൈക്കൂലി നൽകി എന്നു പറയുന്നതിന്റെ തലേ ദിവസം പ്രശാന്ത് ഒരു ലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് സ്വർണ വായ്പ വഴി എടുത്തതിന്റെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ തുക നവീൻ ബാബു കൈപ്പറ്റി എന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
കൈക്കൂലി കൊടുത്തു എന്നു ചാനലിൽ വെളിപ്പെടുത്തിയ പ്രശാന്തിനെതിരെയും നടപടി എടുക്കേണ്ട ആവശ്യമില്ലെന്നു ശുപാർശ ചെയ്തിട്ടുണ്ട്. കൈക്കൂലി നൽകി എന്നു പറയുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രശാന്ത് വിവരം അധികൃതരെ അറിയിച്ചിട്ടുണ്ട്. 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്തിമ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.