Kerala

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം; 2 കിലോ കഞ്ചാവും മദ്യവും പിടികൂടി; രണ്ട് വിദ്യാർഥികള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടി. കളമശ്ശേരി പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്നാണ് 2 കിലോ കഞ്ചാവും മദ്യവുമായി പിടികൂടിയത്. സംഭവത്തില്‍ രണ്ട് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യന്‍, അഭിരാജ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇന്നലെ രാത്രി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ശേഷം നടക്കുന്ന ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നായിരുന്നു വിവരം. ഇതിനായി വിദ്യാ‍ര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്. കഞ്ചാവ് തൂക്കി നല്‍കാനുള്ള ത്രാസടക്കം പിടികൂടിയിട്ടുണ്ട്. കഞ്ചാവ് സൂക്ഷിച്ചിരുന്ന മുറിയിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.