ഡമാസ്കസ്: സിറിയയിൽ ഇസ്‌ലാമിക നിയമം ആധാരമാക്കിയുള്ള താൽക്കാലിക ഭരണഘടന പ്രഖ്യാപിച്ചു. സ്ത്രീകളുടെ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുന്നി വിഭാഗക്കാരനായ ഇടക്കാല പ്രസിഡന്റ് അൽ ഷരാ രണ്ടാഴ്ച മുൻപാണ് ഭരണഘടനാ പ്രഖ്യാപനത്തിന്റെ കരടു തയാറാക്കാൻ സമിതിയെ നിയമിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും ജോലി ചെയ്യാനുമുള്ള അവകാശവും രാഷ്ട്രീയ അവകാശങ്ങളും ഭരണഘടനയിൽ ഉറപ്പു നൽകുന്നുണ്ട്. മാധ്യമ, പ്രസിദ്ധീകരണ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു.
വികസനത്തിനുള്ള വഴിയിൽ സിറിയൻ ജനതയ്ക്ക് ഇതു പുതിയ തുടക്കമാകുമെന്ന് അൽ ഷരാ പറഞ്ഞു. അടുത്ത 5 വർഷം ഭരണമാറ്റ കാലഘട്ടമാണ്. സിറിയയിൽ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാൻ നാലഞ്ചു വർഷമെങ്കിലുമെടുക്കുമെന്ന് അൽ ഷരാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 2012 ൽ നിലവിൽ വന്ന മുൻഭരണഘടന കഴിഞ്ഞ ജനുവരിയിലാണ് റദ്ദാക്കിയത്. സ്ഥിരം ഭരണഘടനയുടെ കരടു തയാറാക്കാൻ പുതിയ സമിതിയെ നിയമിക്കും. പൊലീസ് സേനയെ ശരീഅത്ത് നിയമത്തിലൂന്നി അഴിച്ചുപണിയാനും ലക്ഷ്യമിടുന്നു.