Tech

ഓപ്പോ എഫ് 29 സീരീസ് 20ന് എത്തും; വില 25,000 രൂപയില്‍ താഴെ മാത്രം | OPPO F29

എഫ്29 പ്രോ ഫൈവ് ജി ഗ്രാനൈറ്റ് ബ്ലാക്ക്, മാര്‍ബിള്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ എഫ്29 ഫൈവ്ജി സീരീസ് മാര്‍ച്ച് 20ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. എഫ്29 ഫൈവ്ജി സീരീസിന് കീഴില്‍ എഫ്29 ഫൈവ്ജിയും എഫ്29 പ്രോ ഫൈവ് ജിയുമാണ് അവതരിപ്പിക്കുക.

എഫ്29 പ്രോ ഫൈവ് ജി ഗ്രാനൈറ്റ് ബ്ലാക്ക്, മാര്‍ബിള്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും. അതേസമയം എഫ്29 ഫൈവ്ജി ഗ്ലേസിയര്‍ ബ്ലൂ, സോളിഡ് പര്‍പ്പിള്‍ നിറങ്ങളിലാണ് വിപണിയില്‍ എത്തുക. ഇരു മോഡലുകളെയും ‘ഡ്യൂറബിള്‍ ചാമ്പ്യന്മാര്‍’ എന്നാണ് ഓപ്പോ വിശേഷിപ്പിക്കുന്നത്.

മിലിട്ടറി-ഗ്രേഡ് MIL-STD-810H-2022 സര്‍ട്ടിഫിക്കേഷന്‍, 360-ഡിഗ്രി ആര്‍മര്‍ ബോഡി എന്നി സവിശേഷതകള്‍ കാരണമാണ് ഈ മോഡലുകളെ ഡ്യൂറബിള്‍ ചാമ്പ്യന്മാര്‍ എന്ന് വിളിക്കുന്നത്.IP66, IP68, IP69 പൊടി, ജല പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീരീസ് വിപണിയില്‍ എത്തുക. എയ്റോസ്പേസ്-ഗ്രേഡ് അലുമിനിയം അലോയ് കൊണ്ട് നിര്‍മ്മിച്ച ആന്തരിക ഫ്രെയിം, ലെന്‍സ് പ്രൊട്ടക്ഷന്‍ റിങ്, ഉയര്‍ത്തിയ കോര്‍ണര്‍ ഡിസൈന്‍ കവര്‍, കൂടുതല്‍ ഈടുനില്‍ക്കുന്നതിന് സ്‌പോഞ്ച് ബയോണിക് കുഷ്യനിങ് എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

7.55mm കനവും 180 ഗ്രാം ഭാരവുമാണ് ഫോണിന് ഉള്ളത്. വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ വരെ പകര്‍ത്താന്‍ ശേഷിയുള്ളതാണ് ഫോണ്‍. പ്രോ മോഡലില്‍ 80W സൂപ്പര്‍VOOC ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററി ഉള്‍പ്പെടും. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 SoC ആണ് ഇതിന് കരുത്തുപകരുന്നത്. സുഗമമായ പ്രകടനത്തിനായി, ചിപ്പ്‌സൈറ്റിനെ LPDDR4X RAM, UFS 3.1 ഇന്റേണല്‍ സ്റ്റോറേജ് എന്നിവയുമായി ഇണക്കിചേര്‍ത്തിരിക്കുന്നു.

വില 25,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് സൂചന. 8GB + 128GB, 8GB + 256GB കോണ്‍ഫിഗറേഷനുകളില്‍ ഈ സീരീസ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content highlight: OPPO F29