കോഴിക്കോട്: തുഷാർ ഗാന്ധിയെ തടഞ്ഞ സംഘ്പരിവാർ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ‘ഗാന്ധി തൊട്ട് തുഷാർ ഗാന്ധി വരെ, ആർഎസ്എസ് ഈസ് പോയിസൺ’ എന്ന പ്രമേയത്തിലാണ് പരിപാടി. ആർഎസ്എസ് തലവനായിരുന്ന ഗോൾവോൾക്കറുടെ ‘ബഞ്ച് ഓഫ് തോട്‌സ’് കത്തിച്ചാണ് പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞത്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ തുഷാർ ഗാന്ധി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. ആർഎസ്എസും സംഘ്പരിവാറും രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നുമായിരുന്നു തുഷാർ ഗാന്ധി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി വാർഡ് കൗൺസിലർ ഉൾപ്പടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘ്പരിപാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപിയുടെ വാർഡ് കൗൺസിലറാണ് അനൂപ്.