ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 83,668 വാട്‌സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. 2024ല്‍ 11 ലക്ഷത്തിലധികം കേസുകളാണ് ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള സൈബര്‍ തട്ടിപ്പുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഡിജിറ്റല്‍ അറസ്റ്റ് വഴി കോടികളാണ് ആളുകൾക്ക് നഷ്ടമായത്. ഡിജിറ്റല്‍ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി പ്രാദേശിക ഭാഷകളിലടക്കം പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിവരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സേഴ്‌സുമായി ചേർന്ന് ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സൈബര്‍ തട്ടിപ്പ് ചെറുക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.
സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഫെബ്രുവരി അവസാനം വരെ 7.81 ലക്ഷം സിം കാര്‍ഡുകളും 2.08 ലക്ഷം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്.