വീടിന്റെ മുക്കിലും മൂലയിലും എത്തുന്ന ഉറുമ്പുകൾ നമുക്ക് വലിയ ശല്യം തന്നെയാണ്. പഞ്ചസാരക്കുപ്പിയാണ് ഇവയുടെ ഏറ്റവും പ്രിയപ്പെട്ടയിടം. കുപ്പിയുടെ അടപ്പ് എത്രയൊക്കെ മുറുക്കിയിട്ടാലും ഉറമ്പുകൾ എങ്ങനെയെങ്കിലും അതിനകത്തെത്തും.
പണ്ടൊക്കെ ചൂട്ട് കത്തിച്ച് ഉറുമ്പിന്‍ കൂട്ടത്തിനു മുകളില്‍ വച്ചായിരുന്നു ഇവയെ ഓടിച്ചിരുന്നത്. എന്നാല്‍ ഇത് അപകടകരമാണ്, പ്രത്യേകിച്ച് കുട്ടികള്‍ ഉള്ള വീടുകളില്‍. സുരക്ഷിതമായി ഇവയെ ഓടിക്കാന്‍ എന്താണ് വഴി?
എരിവും പുളിയും കയ്പും ഉള്ള എന്തും ഉറുമ്പിനെ അകറ്റി നിർത്തും. ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലി വയ്ക്കുകയോ ചെയ്യുക. അല്പം നാരങ്ങ നീര് ചേർത്ത വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കാം. നാരങ്ങ പോലെ തന്നെയാണ് ഓറഞ്ച്. ഒരു കപ്പ് ചെറുചൂടുള്ള വെള്ളവും കുറച്ച് ഓറഞ്ച് തൊലിയും ചേർത്ത് മിശ്രിതം തയ്യാറാക്കുക. ഇത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ പുരട്ടിയതിന് ശേഷം തുടയ്ക്കുക. ഇതിന്‍റെ ഗന്ധം കാരണം ഉറുമ്പുകള്‍ അകന്നു പൊയ്ക്കോളും.
നല്ല എരിവുള്ള ഉണക്കമുളക് ഉറുമ്പുകള്‍ വെറുക്കുന്ന ഒന്നാണ്. ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ ചുവന്ന മുളക് ചതച്ചത് വിതറുക. ഉറുമ്പുകളെ അകറ്റാൻ ഇത് സഹായിക്കും. അതേപോലെ തന്നെ, കുരുമുളക് പൊടിയും ഉപയോഗിക്കാം. 10 തുള്ളി കുരുമുളക് എസന്‍ഷ്യല്‍ ഓയിലും ഒരു കപ്പ് വെള്ളവും ചേർത്ത് ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ തളിക്കുക. ഇത് ദിവസത്തിൽ രണ്ടുതവണ ആവർത്തിക്കുക.
ഉറുമ്പിനെ തുരത്താൻ സഹായിക്കുന്ന മറ്റൊരു പ്രതിവിധിയാണ് ഉപ്പ്. മുക്കിലും മൂലയിലും ഉപ്പ് വിതറുന്നത് ഉറുമ്പുകളെ വീട്ടിൽ അകറ്റി നിർത്താൻ സഹായിക്കും. ഇതിനായി കല്ലുപ്പ് ഉപയോഗിക്കാതെ, സാധാരണ പൊടിയുപ്പ് ഉപയോഗിക്കുക. വെള്ളം തിളപ്പിച്ച് അതിൽ വലിയ അളവിൽ ഉപ്പ് ചേർത്ത് ലയിപ്പിക്കുക. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലാക്കി തളിക്കുക.
കറുവപ്പട്ടയും ഗ്രാമ്പൂവും വീടിന് സുഗന്ധം പകരും. ഇവ ഇട്ടു തിളപ്പിച്ച വെള്ളം ഒരു സ്പ്രേ ബോട്ടിലില്‍ ആക്കി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ തളിക്കാം. ഇവയുടെ ഗന്ധമുള്ള അവശ്യ എണ്ണകള്‍ കൂടി ഏതാനും തുള്ളി ഈ വെള്ളത്തില്‍ കലര്‍ത്തുന്നത് ഇരട്ടി ഗുണം നല്‍കും.
പഞ്ചസാര ഇട്ടു വച്ചിരിക്കുന്ന പാത്രം ഫ്രിജിനുള്ളിൽ സൂക്ഷിക്കുന്നത് ഉറുമ്പുകളെ തടയാൻ ഫലപ്രദമായ മാർഗമാണ്. ഉറുമ്പ് കയറിയ കണ്ടെയ്നർ ഫ്രിജിൽ എടുത്ത് വയ്ക്കുന്നതിലൂടെയും അവയുടെ ശല്യം ഒഴിവാക്കാം. എന്നാൽ ഇത്തരത്തിൽ വയ്ക്കുന്ന സമയത്ത് ഉറുമ്പുകൾക്ക് ഇറങ്ങാനുള്ള വഴി ഉണ്ടെന്ന് ഉറപ്പാക്കുക. എന്നാല്‍, പഞ്ചസാര പാത്രം ഫ്രീസറിൽ വയ്ക്കരുത്.
പഞ്ചസാര സൂക്ഷിക്കുന്ന ഷെല്‍ഫില്‍ മഞ്ഞള്‍ ഇട്ട് വെക്കുന്നത് ഉറുമ്പുകളെ അടുക്കളയില്‍ നിന്നും തുരത്തും.അതേപോലെ രണ്ടോ മൂന്നോ ഏലക്കായ പഞ്ചസ്സാര പാത്രത്തില്‍ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാന്‍ സഹായിക്കും. ഇതേ പോലെ അഞ്ചാറു ഗ്രാമ്പൂ അല്ലെങ്കില്‍ കറുവാപ്പട്ട എന്നിവ ഇട്ടു വയ്ക്കുന്നതും ഉറുമ്പുകളെ തുരത്താന്‍ നല്ലതാണ്.