tips

നിങ്ങൾ ഇങ്ങനെയാണോ കത്തി വൃത്തിയാക്കുന്നത്? എങ്കിൽ ഇത് അറിഞ്ഞിരിക്കണം!

ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ പലതരത്തിലുള്ള സാധനങ്ങൾ ആവശ്യമാണ്. അതുപോലെ തന്നെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് കത്തിയും. പച്ചക്കറികളുടെ തൊലി കളയാനും മുറിക്കാനുമൊക്കെ കത്തിക്ക് പകരക്കാരായി ഒരുപാട് ഉപകരണങ്ങൾ വന്നെങ്കിലും കത്തിയുടെ ഉപയോഗം പൂർണമായും അടുക്കളയിൽനിന്നും ഒഴിവാക്കാൻ കഴിയില്ല. കത്തി നന്നായി സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം നിലനില്‍ക്കും. അടുക്കളകത്തികള്‍ ശരിയായ രീതിയില്‍ എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം.

നാരങ്ങ, തക്കാളി, ഉള്ളി മുതലായ മിക്ക പച്ചക്കറികളും അസിഡിറ്റി ഉള്ളവയാണ്. ഇത് കത്തികളില്‍ പറ്റിപ്പിടിക്കുന്നത് കാലക്രമേണ അതിനെ നശിപ്പിക്കും എന്നതിനാല്‍ കത്തികള്‍ ഓരോ ഉപയോഗശേഷവും കഴുകി സൂക്ഷിക്കുക. കത്തികൾ മറ്റ് പല അടുക്കള പാത്രങ്ങളോടൊപ്പം ഡിഷ്‌വാഷറില്‍ ഇട്ടു കഴുകാതെ, പൈപ്പിനടിയില്‍ വച്ച് വെള്ളം ഉപയോഗിച്ച് കഴുകുക. കത്തി കഴുകാനും വൃത്തിയാക്കാനും നേരിയ സോപ്പും ചൂടുവെള്ളവും ഉപയോഗിക്കുക.

സാധാരണയായി മരം കൊണ്ടുള്ള കട്ടിങ് ബോര്‍ഡുകള്‍ക്ക് മുകളില്‍ വച്ചാണ് സാധനങ്ങള്‍ മുറിക്കുന്നത്. മുറിക്കുന്നതിന് തിരഞ്ഞെടുക്കുന്ന പ്രതലങ്ങൾ കത്തികളുടെ മൂര്‍ച്ചയെ നേരിട്ട് ബാധിക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ, കോൺക്രീറ്റ്, ഗ്രാനൈറ്റ്, അലുമിനിയം തുടങ്ങിയ, കട്ടിയുള്ളതോ ലോഹമോ ആയ പ്രതലങ്ങൾ ഒഴിവാക്കണം. മരം, പ്ലാസ്റ്റിക് അല്ലെങ്കിൽ പോളിയെത്തിലീൻ എന്നിവ കൊണ്ടുള്ള പ്രതലങ്ങള്‍ക്ക് മുകളില്‍ വച്ച് മുറിക്കുന്നത് നല്ലതാണ്.

കത്തിയുടെ മൂര്‍ച്ചയുള്ള ഭാഗം തട്ടി കൈ മുറിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ കത്തി സൂക്ഷിക്കാനായി പ്ലാസ്റ്റിക് കൊണ്ടുള്ള എഡ്ജ് ഗാര്‍ഡുകള്‍ ഉപയോഗിക്കുക. സാധാരണ കത്തികള്‍ അരം ഉപയോഗിച്ച് ഉരച്ച് മൂര്‍ച്ച കൂട്ടാം. ജാപ്പനീസ് ശൈലിയിലുള്ള കത്തികൾ വളരെ കടുപ്പമുള്ള സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വീറ്റ്സ്റ്റോൺ ഉപയോഗിച്ച് മാത്രമേ മൂർച്ച കൂട്ടാൻ കഴിയൂ.

കത്തികൾക്ക് മൂർച്ച കൂട്ടുന്നതിനായി പ്രത്യേക ഉപകരണങ്ങൾ കൈവശമില്ലെങ്കിൽ, സാധാരണയായി അടുക്കളയില്‍ കാണുന്ന ചില ഇനങ്ങൾ ഉപയോഗിച്ച് മൂർച്ച കൂട്ടാൻ പറ്റും. ഒരു സെറാമിക് മഗ്ഗിന്‍റെയോ പ്ലേറ്റിന്‍റെയോ കപ്പിന്‍റെയോ അടിഭാഗം ഉപയോഗിച്ച് കത്തി വേഗത്തിൽ മൂർച്ച കൂട്ടാം. കത്തി ഏകദേശം 20 ഡിഗ്രിയില്‍ പിടിച്ച്, ഉരയ്ക്കുക.

Latest News