Thiruvananthapuram

ലഹരിയോടും സ്‌ക്രീനിനോടും ആസക്തി: പ്രതിരോധ പദ്ധതിയുമായി മനുഷ്യാവകാശ കമ്മീഷന്‍

ലഹരിവസ്തുക്കളോടും മൊബൈല്‍ സ്‌ക്രീനിനോടും തീരദേശത്തെ കുട്ടികള്‍ കാണിക്കുന്ന ആസക്തി ശാസ്ത്രീയമായ മാര്‍ഗത്തിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപം നല്‍കി. തിരുവനന്തപുരം ജില്ലയിലെ തീരഗ്രാമങ്ങളായ അഞ്ചുതെങ്ങും ആര്യനാടും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സാണ് (ഓട്ടോണമസ്) പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത്. ഇതിനാവശ്യമായ പദ്ധതിരൂപരേഖ മനുഷ്യാവകാശ കമ്മീഷന്‍ സാമൂഹികനീതി വകുപ്പിന് കൈമാറി. തീരഗ്രാമങ്ങളില്‍ സമഗ്രമായ സര്‍വ്വേ സംഘടിപ്പിച്ച ശേഷം കുട്ടികള്‍ക്കിടയില്‍ വിശദമായ പഠനം നടത്തും. കുട്ടികളുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്ന ലഹരികളോടുള്ള ആസക്തി അവസാനിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികള്‍ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

ലഹരികളോട് അമിതമായ താല്‍പ്പര്യമുണ്ടാകുന്നതിനുള്ള സാഹചര്യം പഠനത്തിന് വിധേയമാക്കും. സര്‍ക്കാരിന്റെ സജീവ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മനുഷ്യാവകാശ സംരക്ഷണ കാഴ്ചപ്പാടിലൂടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് അധികൃതര്‍ക്ക് വിവരം നല്‍കുന്ന വിസില്‍ ബ്ലോവര്‍ കൂട്ടായ്മക്കും രൂപം നല്‍കും. തെരഞ്ഞെടുക്കുന്ന 5 സ്‌കൂളുകളിലെ 10 നും 18 നുമിടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

ഒരു വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. ലഹരിക്കടിമയായ കുട്ടികള്‍ക്ക് ലഹരിവിമുക്ത ചികിത്സയും ലഭ്യമാക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണവും ഭവന സന്ദര്‍ശനം, സെമിനാര്‍ എന്നിവയും സംഘടിപ്പിക്കും. ലഹരിയോടുള്ള ആസക്തി തുടക്കത്തില്‍ കണ്ടെത്തി പ്രതിരോധിക്കുകയാണ് പ്രധാന ലക്ഷ്യം.

CONTENT HIGH LIGHTS;Addiction to drugs and screens: Human Rights Commission launches prevention plan

Latest News