Kerala

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം നല്‍കണം; സര്‍ക്കുലര്‍ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമകള്‍ ഇരിപ്പിടം നല്‍കണമെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്ന തൊഴില്‍ വകുപ്പ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. നാഷണല്‍ ഹൈവേ. സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്ളക്ടീവ് കോട്ടുകള്‍, തൊപ്പി, കുടകള്‍, കുടിവെള്ളം, സുരക്ഷാകണ്ണടകള്‍ എന്നിവ തൊഴിലുടമകള്‍ നല്‍കണം. തൊഴിലുടമകള്‍ ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തണം. മിനിമം വേതനം, ഓവര്‍ടൈം വേതനം. അര്‍ഹമായ ലീവുകള്‍, തൊഴില്‍പരമായ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.