സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്‌പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രന്‍റെ ഉപരിതലം അരിച്ചുപെറുക്കുകയാണ്. മാർച്ച് 2നാണ് ബ്ലൂ ഗോസ്റ്റിന്‍റെ ചാന്ദ്ര ലാൻഡിംഗ് വിജയകരമായി നടന്നത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ മേഖലയിലെ വിശാലമായ തടമായ മേര്‍ ക്രിസിയത്തിലെ കൊടുമുടിയായ മോൺസ് ലാട്രെയ്‌ലിന് സമീപമാണ് ബ്ലൂ ഗോസ്റ്റ് നിലംതൊട്ടത്. ചന്ദ്രനിലെ സൂര്യോദയത്തിന്‍റെ അതിശയകരമായ ഒരു ചിത്രം എടുക്കുന്നതുൾപ്പെടെ ബഹിരാകാശ പേടകം അതിന്‍റെ ശാസ്ത്ര ലക്ഷ്യങ്ങൾക്കായി വേഗത്തിൽ പ്രവർത്തിച്ചും തുടങ്ങി.
ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന്‍റെ വിസ്‌മയ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുകയാണ്. കംപ്രസ് ചെയ്യപ്പെട്ട, റെസലൂഷന്‍ പരിമിതമായ വീഡിയോയാണിത്. പേടകത്തിലെ നാസയുടെ സ്റ്റീരിയോ ക്യാമറ ഫോർ ലൂണാർ-പ്ലൂം സർഫസ് സ്റ്റഡീസ് (SCALPSS) 1.1 എന്ന ഉപകരണത്തിലെ നാല് ഷോര്‍ട്-ഫോക്കല്‍-ലെങ്ത് ക്യാമറകളാണ് ഈ അതിശയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബ്ലൂ ഗോസ്റ്റ് ലാന്‍ഡറിന് ചുറ്റും വിവര ശേഖരണത്തിനായി ഇതിന് പുറമെ രണ്ട് ലോങ്-ഫോക്കല്‍-ലെങ്ത് ക്യാമറകളും SCALPSS സിസ്റ്റത്തില്‍ നാസ സ്ഥാപിച്ചിട്ടുണ്ട്. മൂവായിരത്തിലധികം ചിത്രങ്ങള്‍ SCALPSS ശേഖരിച്ചു. നാസയുടെ ഹാംപ്റ്റണിലുള്ള ലാംങ്‌ലെ റിസര്‍ച്ച് സെന്‍ററിലെ ഗവേഷകരമാണ് ഈ ക്യാമറയ്ക്ക് പിന്നില്‍. ചന്ദ്രനില്‍ ബ്ലൂഗോസ്റ്റിന്‍റെ ലാന്‍ഡിനെ സഹായിച്ച ത്രസ്റ്ററുകളുടെ ജ്വലനം നാസ പുറത്തുവിട്ട വീഡിയോയില്‍ കാണാം.
SCALPSS പകര്‍ത്തിയ റോ ചിത്രങ്ങള്‍ നാസ ആറ് മാസത്തിനുള്ളില്‍ പുറത്തുവിടും. ഭാവിയിലെ ചാന്ദ്ര ലാൻഡറുകളുടെ രൂപകൽപ്പനയിലും പ്രവർത്തനത്തിലും, അപകടസാധ്യത കുറയ്ക്കുന്നതിലും SCALPSS ശേഖരിച്ച ചിത്രങ്ങളിലെ ഡാറ്റ നിർണായകമാണെന്ന് സ്റ്റീരിയോ ക്യാമറ ഫോർ ലൂണാർ-പ്ലൂം സർഫസ് സ്റ്റഡീസ് (SCALPSS) പ്രോജക്ട് മാനേജർ റോബ് മാഡോക്ക് പറഞ്ഞു. സ്റ്റീരിയോ ക്യാമറ ഫോർ ലൂണാർ-പ്ലൂം സർഫസ് സ്റ്റഡീസിൽ നിന്നുള്ള ഈ ഡാറ്റ ഭാവിയിലെ റോബോട്ടിക്, ക്രൂഡ് മൂൺ ലാൻഡിംഗുകളെ മികച്ച രീതിയിൽ സഹായിക്കും എന്നാണ് നാസയുടെ പ്രതീക്ഷ
സ്റ്റീരിയോ ക്യാമറ ഫോർ ലൂണാർ-പ്ലൂം സർഫസ് സ്റ്റഡീസ് 1.1 സാങ്കേതികവിദ്യയിൽ ആകെ ആറ് ക്യാമറകൾ ഉൾപ്പെടുന്നു. നാല് ഷോർട്ട്-ഫോക്കൽ-ലെങ്ത്, രണ്ട് ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകള്‍ എന്നിവയാണിവ. പ്ലൂം-സർഫേസ് ഇന്‍ററാക്ഷൻ ആരംഭിക്കുന്നതിന് മുമ്പ്, ഉയർന്ന ഉയരത്തിൽ നിന്ന് ചിത്രങ്ങൾ എടുക്കാൻ ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകൾ ഉപകരണത്തെ അനുവദിച്ചു. സ്റ്റീരിയോ ഫോട്ടോഗ്രാമെട്രി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, നാസയുടെ സംഘം പിന്നീട് ലോങ്-ഫോക്കൽ-ലെങ്ത് ക്യാമറകളിൽ നിന്നുള്ളവയും ഷോർട്ട്-ഫോക്കൽ-ലെങ്ത് ക്യാമറയില്‍ നിന്നുള്ള ചിത്രങ്ങളും തമ്മിൽ സംയോജിപ്പിച്ച് ചന്ദ്രോപരിതലത്തിന്‍റെ 3D ഡിജിറ്റൽ എലവേഷൻ മാപ്പുകൾ സൃഷ്‍ടിക്കും.
നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസസ് (CLPS) പദ്ധതിയുടെ ഭാഗമായി അയച്ച ബ്ലൂ ഗോസ്റ്റ് ലാൻഡർ 2025 മാർച്ച് 2നാണ് ചന്ദ്രനിലെ മേർ ക്രിസിയം ഗര്‍ത്തത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഫയർഫ്ലൈ എയ്‌റോസ്‌പേസ് എന്ന സ്വകാര്യ കമ്പനിയാണ് ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. വിക്ഷേപിച്ച ശേഷം 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. നാസയുടെ പത്ത് പേലോഡുകള്‍ ദൗത്യത്തിന്‍റെ ഭാഗമാണ്. ബ്ലൂ ബോസ്റ്റ് പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന്‍റെ മറ്റൊരു ക്യാമറയില്‍ നിന്നുള്ള വീഡിയോ ഫയര്‍ഫ്ലൈ എയ്‌റോസ്പേസ് നേരത്തെ പുറത്തുവിട്ടിരുന്നു.
STORY HIGHLIGHTS : its-amazing-nasa-cameras-on-blue-ghost-lander-capture-first-of-its-kind-moon-landing-footage