Thiruvananthapuram

തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നയാള്‍ : വി.മുരളീധരന്‍.

വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താന്‍ ആര്‍എസ്എസിനും അവകാശമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റുകൊണ്ട് ബിജെപിയെ വിരട്ടാമെന്ന് പിണറായി വിജയന്‍ കരുതേണ്ട. വേദിയില്‍ പ്രതിഷേധിക്കുന്നത് കേരളത്തില്‍ ആദ്യമല്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇര്‍ഫാന്‍ ഹബീബെന്ന കമ്യൂണിസ്റ്റ്കാരന്‍ പാഞ്ഞടുത്തപ്പോള്‍ പോലീസ് കേസ് എടുത്തില്ല. ബിജെപി പ്രവര്‍ത്തകര്‍ ആരേയും വേദിയില്‍ കയറി ആക്രമിച്ചില്ല.

വിമര്‍ശനവുമായി ഇറങ്ങിയ സിപിഎമ്മും കോണ്‍ഗ്രസുകാരും തുഷാര്‍ ഗാന്ധിയുടെ ചരിത്രം പഠിക്കണം. മഹാത്മാ ഗാന്ധിയെ വിറ്റ് കാശാക്കാന്‍ നോക്കിയ മഹാനാണ് തുഷാര്‍ ഗാന്ധി. അമേരിക്കന്‍ കമ്പനിക്ക് അവരുടെ പരസ്യത്തിന് ഗാന്ധിയുടെ പടവും പേരും ഉപയോഗിക്കാന്‍ കരാര്‍ ഒപ്പിട്ടയാളാണ് തുഷാര്‍ ഗാന്ധിയെന്നും വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയുടെ കുടുംബത്തില്‍ പിറന്നതുകൊണ്ട് എല്ലാവരും മഹാത്മാവ് ആവില്ല. കോണ്‍ഗ്രസിനോട് ടിക്കറ്റ് ചോദിച്ചുനടക്കുകയാണ് തുഷാര്‍ ഗാന്ധിയുടെ പ്രധാന പണി. വി.ഡി.സതീശന്‍ പറയുന്നതു പോലെ തുഷാറിനെ അപമാനിക്കുന്നത് ഗാന്ധിയെ അപമാനിക്കലാണെങ്കില്‍ ടിക്കറ്റ് നല്‍കാതെ അപമാനിക്കുന്നത് കോണ്‍ഗ്രസാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു. ഗാന്ധിസത്തോട് ബന്ധമില്ലാത്ത പിണറായി വിജയനും കൂട്ടരും ഗാന്ധിസം പഠിപ്പിക്കാന്‍ വരേണ്ടെന്നും വി.മുരളീധരന്‍ പറഞ്ഞു.

Latest News