Kerala

പുതിയ പോലീസ് മേധാവി പട്ടികയിൽ ഇടംപിടിച്ച് എം ആർ അജിത് കുമാർ; പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറി – Ajith Kumar included in the list of new police chief

എം ആര്‍ അജിത് കുമാറിന്‍റെ പേരുള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്

പുതിയ പോലീസ് മേധാവിക്കുള്ള പട്ടികയിൽ ഇടംപിടിച്ച് എം ആർ അജിത് കുമാർ. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് എംആര്‍ അജിത് കുമാറിനെ ഉള്‍പ്പെടുത്തി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.

നിരവധി ആരോപണങ്ങളെ തുടർന്ന് എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. വിവിധ വിഷയങ്ങളിൽ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നതിനിടയിലാണ് ഡിജിപി പട്ടികയിൽ അജിത് കുമാറിന്‍റെ പേര് ഇടം പിടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ അജിത് കുമാറിനെതിരേ ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. 2025 ജൂണില്‍ ഷേഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നു വിരമിക്കുന്ന ഒഴിവിലേക്കാവും ഡിജിപി റാങ്കോടെ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക.

എം ആര്‍ അജിത് കുമാറിന്‍റെ പേരുള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്രത്തിന് കൈമാറിയ പട്ടികയില്‍ അജിത് കുമാറിന് പുറമേ റോഡ് സേഫ്‌ടി കമ്മിഷണര്‍ നിതിന്‍ അഗര്‍വാള്‍, ഡല്‍ഹി ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്‌ടര്‍ റാവാഡ എ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്‌ടര്‍ യോഗേഷ് ഗുപ്‌ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്‌പിജി അഡീഷണല്‍ ഡയറക്‌ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 30 വര്‍ഷം ഐപിഎസ് സര്‍വീസ് പൂര്‍ത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.

STORY HIGHLIGHT:  Ajith Kumar included in the list of new police chief