ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ നട്‌സുകളിലൊന്നാണ് ബദാം. ദിവസവും നിശ്ചിത എണ്ണം ബദാം കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുന്നതിനുള്‍പ്പടെ സഹായിക്കുമെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു. ബദാമിലെ കൊഴുപ്പിന്റെ സാന്നിധ്യം അവ കഴിക്കുന്നതിന് പലരും വിമുഖത കാട്ടാറുണ്ട്. എന്നാല്‍, ബദാം കഴിക്കുന്നതിലെ ഗുണങ്ങള്‍ വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ കരിഷ്മ ഷാ. ബദാമിലടങ്ങിയിരിക്കുന്ന കൊഴുപ്പില്‍ മൂന്നില്‍ രണ്ട് ഭാഗവും ആരോഗ്യപ്രദമാണെന്ന് അവര്‍ പറഞ്ഞു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു
ചുവന്ന രക്താണുക്കളിലെ വിറ്റാമിന്‍ ഇയുടെ അളവ് ഉയര്‍ത്താന്‍ ബദാം സഹായിക്കുന്നു. ഇത് കൊഴുപ്പ് അടിയുന്നത് തടയുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന്
ബദാം കഴിക്കുന്നത് ശീലമാക്കിയവരില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തചംക്രമണം തടസ്സങ്ങളില്ലാതെ നടത്തുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഏറെ സഹായിക്കുന്ന നട്‌സാണ് ബദാം. ബദാമില്‍ ധാരാളമായി കണ്ടുവരുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് നിശ്ചിത അളവില്‍ ദിവസവും ബദാം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
രക്തസമ്മര്‍ദം കുറയ്ക്കുന്നു
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. ഇത് ഹൃദയാഘാതം, മസ്തിഷ്‌കാഘാതം തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു. ബദാമിലെ മഗ്നീഷ്യത്തിന്റെ അളവ് രക്തസമ്മര്‍ദം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.
content highlight: benefit-of-almond-healthy-food-healthy-diet