Health

സ്തനാര്‍ബുദം പുരുഷന്മാർക്കും ? ഈ ലക്ഷണങ്ങൾ ഉണ്ടോ ? | breast cancer in men

സ്ത്രീകളെ പോലെതന്നെ പുരുഷന്മാരും ഇടയ്ക്ക് മുലകള്‍ തൊട്ട് പരിശോധിക്കണമെന്നും മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സ്ത്രീകള്‍ക്ക് പൊതുവെ വരാറുള്ള അര്‍ബുദമാണ് സ്തനാര്‍ബുദം. എന്നാല്‍ ഇത് അപൂർവമായി പുരുഷന്മാരിലും കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ സ്താനര്‍ബുദ ബാധിതനായ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലുള്ള നഴ്സ് മാര്‍ക്ക് നോക് ഇന്ന് പുരുഷന്മാരിലെ സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവത്ക്കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

2018 മെയിലാണ് മാര്‍ക്കിന് സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്നത്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നെഞ്ചത്തേക്ക് ഒരു പാത്രം വെള്ളം കൊണ്ട് വന്ന് ഒഴിച്ചതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറുമ്പോഴാണ് പോളോ മിന്‍റിന്‍റെ രൂപത്തിലുള്ള ഒരു ചെറിയ മുഴ വലത്ത് വശത്തെ മുലയ്ക്ക് താഴെ മാര്‍ക്ക് ശ്രദ്ധിക്കുന്നത്. ‍ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോള്‍ മാമോഗ്രാമും ബയോപ്സിയും നിര്‍ദ്ദേശിക്കപ്പെട്ടു. തുടര്‍ന്നാണ് സ്റ്റേജ് 2 സ്താനര്‍ബുദം സ്ഥീരീകരിക്കപ്പെട്ടത്.

അര്‍ബുദ ചികിത്സയുടെ ഭാഗമായി മാര്‍ക്കിന്‍റെ വലത്ത് വശത്തെ സ്തനം പൂര്‍ണമായും നീക്കം ചെയ്യപ്പെട്ടു. സ്തനത്തിലെ അര്‍ബുദ കോശങ്ങളിലേക്ക് ഈസ്ട്രജന്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാന്‍ ഹോര്‍മോണ്‍ തെറാപ്പിക്കും മാര്‍ക്ക് വിധേയനായി. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന് സമാനമായ ചില ലക്ഷണങ്ങള്‍ ഈ മരുന്നുകള്‍ ഉണ്ടാക്കിയെന്ന് മാര്‍ക്ക് പറയുന്നു. തലകറക്കം, രാവിലെ ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങള്‍ ചികിത്സാഘട്ടത്തില്‍ ഉണ്ടായി.

സ്തനാര്‍ബുദത്തിന് ഉപയോഗിക്കുന്ന താമോക്സിഫന്‍ പോലുളള മരുന്നുകള്‍ അപൂര്‍വമായി മാത്രമേ പുരുഷന്മാരില്‍ ഉപയോഗിച്ചിട്ടുള്ളൂ. സ്ത്രീകളുടെ ഹോര്‍മോണല്‍ സന്തുലനത്തിനായി രൂപം കൊടുത്തിട്ടുള്ള മരുന്നുകള്‍ തനിക്ക് നല്‍കിയത് ഏതാണ്ട് പരീക്ഷണത്തിന് തുല്യമായ സാഹചര്യമായിരുന്നെന്നും മാര്‍ക്ക് പറയുന്നു.

രോഗ മുക്തിക്ക് ശേഷം സ്തനാര്‍ബുദത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതില്‍ വ്യാപൃതനായിരിക്കുകയാണ് മാര്‍ക്ക്. സ്ത്രീകളെ പോലെതന്നെ പുരുഷന്മാരും ഇടയ്ക്ക് മുലകള്‍ തൊട്ട് പരിശോധിക്കണമെന്നും മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്തനങ്ങളില്‍ വേദനയില്ലാത്ത കട്ടിയുള്ള മുഴ, അകത്തേക്ക് വലിയുന്ന മുലക്കണ്ണുകള്‍, മുലക്കണ്ണുകളില്‍ നിന്ന് ഒലിക്കുന്ന സ്രവം, രക്തം, മുലക്കണ്ണിന് ചുറ്റും ചര്‍മം ചുവക്കുകയോ കട്ടിയാകുകയോ തിണര്‍ക്കുകയോ ചെയ്യുക, കഷത്തില്‍ നീര് എന്നിവയെല്ലാം കരുതിയിരിക്കേണ്ട സ്തനാര്‍ബുദ ലക്ഷണങ്ങളാണ്.

content highlight: breast cancer in men