ഇടുക്കിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കാൽവരി മൗണ്ട്. പച്ചപ്പു നിറഞ്ഞ കുന്നുകളിൽ മറഞ്ഞിരിക്കുന്ന കാൽവരി മൗണ്ട് സാഹസികർക്കും ശാന്തത തേടുന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നയിടമാണ്. കാൽവരി മൗണ്ടിലേക്കുള്ള വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ശുദ്ധമായ വായുവും പൈൻ മരങ്ങളുടെ കാഴ്ചയുമാണ് സഞ്ചാരികളെ വരവേൽക്കുക. കുന്നുകളുടെയും വിദൂര താഴ്‌വരകളുടെയും വിശാലമായ കാഴ്ചകൾ ആരുടെയും മനംമയക്കും.
ചുറ്റുമുള്ള ഭൂപ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ നൽകുന്ന സ്ഥലത്താണ് കാൽവരി മൗണ്ട് വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാൽ ആകാശത്ത് താഴ്ന്ന മേഘങ്ങൾ അലസമായി ഒഴുകിനടക്കുന്നത് കാണാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കും കാൽവാരി മൗണ്ട് മികച്ച ഓപ്ഷനാണ്. പരിചയസമ്പന്നരായ പർവതാരോഹകർക്ക് ഇവിടുത്തെ ഭൂപ്രദേശങ്ങളിലേക്കും പാറക്കെട്ടുകളിലേക്കും നടന്നുകയറാം. ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോൾ പുതിയ അത്ഭുതങ്ങളാണ് മുന്നിൽ തെളിയുക.
കാൽവാരി മൗണ്ടിൽ നിന്നാൽ ഇടുക്കി ഡാം റിസർവോയറിന്റെ കാഴ്ച കാണാം എന്നതാണ് മറ്റൊരു സവിശേഷത. സന്ദർശകരുടെ മനംമയക്കുന്ന ഒരു കാഴ്ചയാണിത്. സാഹസികതയ്‌ക്കോ ആത്മീയതയ്ക്കോ അല്ലെങ്കിൽ കേരളത്തിന്റെ ഭൂപ്രകൃതിയുടെ ഭംഗി അനുഭവിക്കാനോ വരുന്നവർക്ക് കാൽവരി മൗണ്ട് അവിസ്മരണീയവും സമ്പന്നവുമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.
STORY HIGHLIGHTS: calvary-mount-eco-tourism-in-idukki