ന്യൂഡല്‍ഹി: 15 വര്‍ഷത്തിന് ശേഷം രാജ്യത്തെ ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം നടത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഡിസിസികള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന അവസ്ഥയുണ്ടാകണമെന്ന് നേരത്തെ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം നടത്താനുള്ള തീരുമാനം.
പാര്‍ട്ടിയില്‍ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി ഡിസിസികളെ മാറ്റാനാണ് തീരുമാനം. ഇതിനെ തുടര്‍ന്നാണ് അദ്ധ്യക്ഷന്‍മാരുടെ യോഗം.
ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി ഗുജറാത്തില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പ് ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെത്തിയിട്ടില്ല. അതിനാല്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും സമ്മേളനം നടക്കുക.
കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കും. ഹരിയാനയിലൊക്കെ കഴിഞ്ഞ 10 വര്‍ഷമായി താഴെ തട്ടിലെ കമ്മിറ്റികള്‍ വളരെ നിര്‍ജീവമാണ്. 2009ലാണ് ഇതിന് മുമ്പ് ഹൈക്കമാന്‍ഡ് ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ബ്ലോക്ക് പ്രസിഡന്റുമാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗം 2009 ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ചേര്‍ന്നാണ്. വീണ്ടും അധികാരത്തിലെത്താന്‍ ഈ യോഗം സഹായിച്ചെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍.
ഡല്‍ഹി കേന്ദ്രീകരിച്ച് തീരുമാനങ്ങളെടുക്കുന്ന ശൈലി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തന രീതിയെ നേരിടുന്നതിന് പര്യാപ്തമല്ല എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു. അതിനാല്‍ താഴെ തട്ടില്‍ ശക്തമായ സംഘടന സംവിധാനം രൂപപ്പെടണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.