Recipe

ലെമൺ റൈസ് ഈസി ആയി തയാറാക്കാം | lemon-rice

കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. അതുപോലെ തന്നെ നിങ്ങൾ ദൂര യാത്ര പോകുന്നവർ ആണെങ്കിൽ കേടാകാതെ ഇവ കൈയിൽ കരുതാം. എളുപ്പത്തിൽ അധികം മിനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ

പൊന്നിയരി – ഒന്നര കപ്പ്
വെള്ളം – മൂന്ന് കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
റിഫൈൻഡ് ഓയിൽ – കാൽ കപ്പ്
കടുക് – അര ടീസ്പൂൺ
ഉഴുന്നു പരിപ്പ് – അര ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വറ്റൽ മുളക് ചെറുതായി അരിഞ്ഞത് – നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

കുക്കറിൽ വെള്ളമൊഴിച്ച് അരി കഴുകിയതും മഞ്ഞൾ പൊടിയും ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് വാങ്ങി ചൂടാറാൻ വയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ കടുകിട്ട് പൊട്ടി തുടങ്ങുമ്പോൾ ഉഴുന്നുപരിപ്പിട്ട് വറുത്തെടുക്കുക. ശേഷം കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വഴറ്റി ചോറിന് മുകളിൽ ഇടുക. നാരങ്ങാനീരും അൽപ്പം ഉപ്പും ചേർത്തിളക്കി ചോറിന് മുകളിൽ തളിച്ച് ഇളക്കി വിളമ്പാം.

content highlight: lemon-rice