ഒരു നേരമെങ്കിലും ചോറുണ്ണാതെ ദിവസം തള്ളിനീക്കുക മലയാളികൾക്കു പൊതുവെ വിഷമമുള്ള കാര്യമാണ്. എന്നാൽ ചോറു വെറുതെ കഴിക്കാതെ അതിൽ ചില ചേരുവകൾ കൂടിച്ചേർത്തു സ്വാദും ഗുണവും കൂട്ടാം. തക്കാളി ചേർത്ത് രുചികരമായ റെഡ് റൈസ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ബസുമതി അരി – രണ്ട് കപ്പ്
വെള്ളം – നാല് കപ്പ്
തക്കാളി – എട്ടെണ്ണം (മുറിച്ചത്)
പച്ചമുളക് – രണ്ടെണ്ണം
ഇഞ്ചി – ഒരു കഷ്ണം
ഗ്രീൻപീസ് – അര കപ്പ്
റിഫൈൻഡ് ഓയിൽ- ഒരു ടേബിൾ സ്പൂൺ
കടുക് – രണ്ട് ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
സവാള – ഒരെണ്ണം (നീളത്തിൽ അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ
മല്ലിയില – രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ അരി കഴുകിയത് ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്നും ഇറക്കി ആവി പോയശേഷം തുറന്ന് ചോറ് മാറ്റി വെയ്ക്കാം.തക്കാളി, പച്ചമുളക്, ഇഞ്ചി അരയ്ക്കുക. ഗ്രീൻപീസ് അൽപം വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിച്ച് മാറ്റിവെയ്ക്കുക.
കുക്കർ കഴുകി അടുപ്പിൽ വെച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില, സവാള, ഉപ്പ് ഇവ ചേർത്ത് വഴറ്റുക. അരച്ചുവെച്ച ചേരുവകളും ചേർത്തിളക്കുക. ഇതിലേക്ക് ഗ്രീൻപീസും മുളകുപൊടിയും ചോറും ചേർത്ത് ഇളക്കി യോജിപ്പിക്കാം. മല്ലിയില വിതറി അലങ്കരിക്കാം.
content highlight: red-rice-recipe