കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ടയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോളിടെക്നിക്കിലെ കഞ്ചാവ് വില്പന ഇടപാടുകൾ നടന്നത് വാട്‌സ്ആപ്പിലൂടെ. കഞ്ചാവ് വിൽപനയ്ക്ക് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും ഉണ്ടായിരുന്നു. മുൻകൂർ പണം നൽകുന്നവർക്ക് വിലയിളവ് നൽകിയും കഞ്ചാവ് വിറ്റു. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപക്കാണ്. ക്യാംപസിൽ കഞ്ചാവ് എത്തും മുൻപ് ബുക്ക് ചെയ്‌തവർക്ക് 300 രൂപക്ക് നൽകുമെന്നും പൊലീസ് കണ്ടെത്തി.
അതേസമയം ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ആഷിഖിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും.
ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പരിശോധനയിൽ പൊലീസ് പിടിച്ചെടുത്തത്.