Kerala

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസ്; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി

കളമശേരി പോളിടെക്നിക്ക് കോളജിലെ ലഹരിക്കേസിലെ പ്രധാനി കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയെന്ന് പൊലീസ്. ഇയാൾ ഒളിവിലാണ്. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടി എന്ന് പ്രതികളായ ആഷിഖും, ഷാലിഖും മൊഴി നൽകി. മൂന്നാം വർഷ വിദ്യാർഥിക്കായി അന്വേഷണം ഊർജിതമാക്കി.

പൂർവ വിദ്യാർത്ഥികളായ ആഷിഖിനും, ഷാലിഖിനും കഞ്ചാവ് കൊടുത്തിരുന്നത് ഇതരസംസ്ഥാനക്കാരെന്നാണ് മൊഴി. ഇവരിൽ ചിലർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആവശ്യത്തിന് അനുസരിച്ച് ആഷിഖും, ഷാലിഖും ഹോസ്റ്റലിൽ കഞ്ചാവ് എത്തിക്കുന്നതായിരുന്നു രീതി.

ഇതിന് മുൻപും ഹോസ്റ്റലിൽ ഇവർ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പി വി ബെന്നി പറഞ്ഞു. ഹോസ്റ്റലിൽ നിന്ന് പിടികൂടിയ രണ്ട് കിലോ കഞ്ചാവ് ആകാശിന് നൽകിയത് ആഷിഖ് എന്നായിരുന്നു മൊഴി.

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ വന്‍തോതില്‍ ലഹരി എത്തുമെന്ന സൂചനയുമായി പ്രിൻസിപ്പാൾ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയെതെന്ന വിവരവും ഇന്ന് പുറത്തു വന്നു. പ്രിൻസിപ്പാൾ പൊലീസിന് നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു.

ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഹോളി ആഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും അനിയന്ത്രിതമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്ന് വിവരം ലഭിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യത്തിനായി പണപ്പിരിപ് നടത്തുന്നതായി ശ്രദ്ധയിപ്പെട്ടുവെന്നുമാണ് പ്രിൻസിപ്പാൾ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.

കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.