Kerala

ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുക കൃഷിയുടെ ലക്ഷ്യം; മന്ത്രി പി പ്രസാദ്

കൊച്ചി: അമൃതയിൽ ക്ലിനിക്കൽ ന്യൂട്രീഷ്യൻമാരുടെ ത്രിദിന അന്താരാഷ്ട്ര ഉച്ചകോടി ‘അസൻഡ്’ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 17.2 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് ക്രമേണ 25 ലക്ഷം മെട്രിക് ടൺ ആയും 43 ലക്ഷം മെട്രിക് ടൺ ആയും വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

ശരിയല്ലാത്ത ഭക്ഷണ രീതി ജീവിത ശൈലീ രോഗങ്ങൾ രാജ്യത്ത് സൃഷ്ടിക്കുമ്പോൾ മറു വശത്ത് ശരിയായ പോഷകാഹാരം ലഭിക്കാത്തവരുടെ എണ്ണവും വർധിക്കുന്നുണ്ട് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ഇൻ്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ ഡോ. രേണുക ജയടിസ്സ, അമൃത സെൻ്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസ് ചീഫ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എംവി തമ്പി, ക്ലിനിക്കൽ നൂട്ട്രീഷ്യൻസ് വിഭാഗം മേധാവി ഡോ. നിവേദിത പവിത്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ച്ച ആരംഭിച്ച ഉച്ചക്കോടി ഇന്ന് അവസാനിക്കും.

3 ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ ആരോഗ്യ രംഗത്തെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അമ്യതയിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻസിന് കീഴിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം ആരംഭിച്ച് പത്ത് വർഷം പിന്നിട്ട അവസരത്തിലാണ് അന്താരാഷ്ട്ര ഉച്ചക്കോടി സംഘടിപ്പിച്ചത്.

മറയൂരിലെ പിന്നോക്ക വിഭാഗം ജനസമൂഹത്തിന് വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ വീഡിയോ പ്രദർശനം, ന്യൂസ് ലെറ്റർ, കീറ്റോ ഡയറ്റ് റെസിപ്പീ എന്നിവയുടെ പ്രകാശനം എന്നിവയും ചടങ്ങിൽ വെച്ച് നടന്നു.

Latest News