Kerala

വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണം; മൂന്നു പേര്‍ക്ക് പരിക്ക്

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിനാണ് പരിക്കേറ്റത്

കല്‍പ്പറ്റ/ഇടുക്കി: വയനാട്ടിലും ഇടുക്കിയിലും കാട്ടാന ആക്രമണങ്ങളിൽ മൂന്നു പേര്‍ക്ക് പരിക്ക്. വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിനാണ് പരിക്കേറ്റത്. മറുകര കാട്ടുനായ്ക്ക ഉന്നതിയിലെ നാരായണനാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ നാരായണന്‍റെ പുറത്തും കാലിനും പരിക്കേറ്റു. അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പം വിറക് ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴാണ് ആന ആക്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. നാരായണനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാരായണന്‍റെ പരിക്ക് ഗുരുതരമല്ല.

ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. കുറത്തിക്കുടി സ്വദേശികളായ രവി, ഭാര്യ അമ്പിളി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ഇരുചക്ര വാഹനത്തിൽ വരുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. പെരുമ്പൻ കുത്തിനും കുറത്തിക്കുടിക്കും ഇടയില്‍വെച്ചാണ് സംഭവം. ഇരുവരുടെയും പരിക്ക്  ഗുരുതരമല്ല. ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CONTENT HIGHLIGHT : wild-elephant-attacks-in-wayanad-and-idukki

Latest News